തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്‌ടർ ഡോ. കെജെ. റീനയുടെ സ്‌ഥലംമാറ്റ ഉത്തരവ് സ്‌റ്റേ ചെയ്‌ത അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ വിധി റദ്ദാക്കി ഹൈക്കോടതി. സർക്കാർ നൽകിയ ഹരജി പരിഗണിച്ചാണ് ജസ്‌റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, ജസ്‌റ്റിസ് എസ്. മുരളീകൃഷ്‌ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി.
സ്‌ഥലംമാറ്റ ഉത്തരവ് ട്രൈബ്യൂണൽ പരിഗണിച്ചു തീർപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. പകർച്ചവ്യാധി സമയത്ത് കൂടുതൽ അവധി ചോദിച്ചെന്നും സർക്കാരുമായി സഹകരിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡോ. റീനയെ ആരോഗ്യവകുപ്പ് സ്‌ഥലം മാറ്റിയത്. റീനയെ എറണാകുളം റീജിയണൽ ലബോറട്ടറി ഡയറക്‌ടർ സ്‌ഥാനത്തേക്കാണ് സ്‌ഥലം മാറ്റിയത്.
അഡീഷണൽ ഡിഎച്ച്എസ് ഡോ. വി. മീനാക്ഷിക്കായിരുന്നു ആരോഗ്യവകുപ്പ് ഡയറക്‌ടരുടെ പകരം ചുമതല നൽകിയത്. ഇതിന് പിന്നാലെയാണ് റീന അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. സർക്കാർ ഉത്തരവ് ട്രൈബ്യൂണൽ സ്‌റ്റേ ചെയ്യുകയും ചെയ്‌തു. ഈ ഉത്തരവിനെതിരെയാണ് സർക്കാർ ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്‌തത്.
ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു സർക്കാർ ആവശ്യം. ഡോ. റീനയെ ഏതെങ്കിലും തരത്തിൽ താരം താഴ്‌ത്തിയില്ല, അനുയോജ്യമായ പദവിയിലേക്കാണ് മാറ്റിയത്, 2025ൽ തന്നെ റീനയുടെ നിയമന കാലാവധി കഴിഞ്ഞതായിരുന്നു എന്നും സർക്കാർ വാദിച്ചു. കോടതി ഈ വാദം അംഗീകരിക്കുകയായിരുന്നു. ഇന്നലെ വിശദമായ വാദം കേട്ടശേഷം വിധി പറയാൻ ഇന്നത്തേക്ക് മാറ്റിവെച്ചിരിക്കുകയായിരുന്നു.
Most Read| എസി ജിം വർക്കൗട്ട്: കുഴഞ്ഞുവീണുള്ള മരണങ്ങൾക്ക് കാരണം ഓക്‌സിജൻ നിലവാരമോ?





































