തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്‌ടർ ഡോ. കെജെ. റീനയെ സ്‌ഥലം മാറ്റിയ ഉത്തരവ് സ്‌റ്റേ ചെയ്‌ത് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ. പകർച്ചവ്യാധി സമയത്ത് കൂടുതൽ അവധി ചോദിച്ചെന്നും സർക്കാരുമായി സഹകരിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡോ. റീനയെ ആരോഗ്യവകുപ്പ് സ്‌ഥലം മാറ്റിയത്.
റീനയെ എറണാകുളം റീജിയണൽ ലബോറട്ടറി ഡയറക്‌ടർ സ്‌ഥാനത്തേക്കാണ് സ്‌ഥലം മാറ്റിയത്. അഡീഷണൽ ഡിഎച്ച്എസ് ഡോ. വി. മീനാക്ഷിക്കായിരുന്നു ആരോഗ്യവകുപ്പ് ഡയറക്‌ടരുടെ പകരം ചുമതല നൽകിയത്. ഇതിന് പിന്നാലെയാണ് റീന അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.
റീന 15 ദിവസം അവധി എടുത്തുവെന്നാണ് സ്‌ഥലംമാറ്റ ഉത്തരവിൽ ആരോഗ്യവകുപ്പ് ആദ്യം വ്യക്‌തമാക്കിയിരുന്നത്. എന്നാൽ, റീന ഇക്കാര്യം നിഷേധിച്ചിരുന്നു. 15 ദിവസം അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ശാരീരിക അസ്വസ്‌ഥത കാരണം രണ്ടര ദിവസത്തേക്കാണ് അവധി ചോദിച്ചിരുന്നതെന്നും റീന പറഞ്ഞു.
പിന്നാലെ 15 ദിവസം അവധി എന്ന കാരണം സർക്കാർ ഉത്തരവിൽ തിരുത്തിയിരുന്നു. മൂന്നുവർഷം കാലാവധി പൂർത്തിയാക്കിയതിനാലും സർക്കാരിനോട് ആലോചിക്കാതെ ചില നടപടി സ്വീകരിച്ചതിനാലുമാണ് സ്‌ഥലം മാറ്റമെന്നാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞത്.
Most Read| കുട്ടികൾക്ക് സോഷ്യൽ മീഡിയ വേണ്ട; നിരോധനം ഏർപ്പെടുത്തി യുഎഇ


































