പത്തനംതിട്ട: ശബരിമല യുവതീപ്രവേശ സമയത്ത് ഇടതുസർക്കാർ രഹസ്യനീക്കം നടത്തിയെന്ന വെളിപ്പെടുത്തലുമായി ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ടുമായ എ. പത്മകുമാർ രംഗത്ത്. താൻ ചതിക്കപ്പെടുകയായിരുന്നു എന്നാണ് പത്മകുമാറിന്റെ വെളിപ്പെടുത്തൽ.
ഇടതുസർക്കാർ യുവതീപ്രവേശനത്തിന് രഹസ്യനീക്കം നടത്തിയ ദിവസം എഡിജിപി എസ്. ശ്രീജിത്തിനെയും തന്നെയും സന്ധ്യയോടെ ശബരിമലയിൽ നിന്ന് മാറ്റി. ഇതിന് ശേഷമാണ് യുവതികളെ മല കയറ്റിയതെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം അതത് ദിവസം തന്നെ ഡയറിയിൽ കുറിച്ചു വെച്ചിട്ടുണ്ട്. ഈ സംഭവങ്ങളെല്ലാം ആത്മകഥയിലും പരമർശിക്കുമെന്നും എ. പത്മകുമാർ പറഞ്ഞു.
പത്മകുമാർ അടുത്ത സുഹൃത്തുക്കളോടാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ശ്രീജിത്തിനെ ഡിജിപിയും തന്നെ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും തിരുവനന്തപുരത്തേക്ക് എത്താൻ നിർദ്ദേശം നൽകി വിളിപ്പിക്കുകയായിരുന്നു. പുലർച്ചെ മൂന്നുമണിയോടെ തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ഓഫീസിലെ മുറിയിലെത്തി ടിവി ഓണാക്കിയപ്പോഴാണ് ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചതായി അറിയുന്നതെന്നും ഇതിന് പിന്നിൽ ചില ഉന്നതരുടെ കരങ്ങൾ പ്രവർത്തിച്ചതായും പത്മകുമാർ വ്യക്തമാക്കി.
സ്വർണക്കൊള്ള കേസിൽ രജിസ്റ്ററിൽ ചെമ്പ് പാളിയെന്ന് എഴുതിയത് മറ്റാരോ ആണെന്നും അതിൽ ഒപ്പിടാൻ താൻ നിർബന്ധിക്കപ്പെട്ടുവെന്നും ഈ കൈപ്പട സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തണമെന്ന് എസ്ഐടിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പത്മകുമാർ കൂട്ടിച്ചേർത്തു.
അതേസമയം, സ്വർണക്കൊള്ള കേസിൽ പ്രതിയായ പത്മകുമാറിനെതിരെ നടപടി എടുക്കുന്നത് ഒഴിവാക്കാനുള്ള അദ്ദേഹത്തിന്റെ സമ്മർദ്ദ തന്ത്രമാണ് ആത്മകഥ പ്രസിദ്ധീകരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. പലതും പുറത്തുവന്നാൽ ഉന്നതർ കുടുങ്ങും എന്നതിനാൽ പത്മകുമാറിനെതിരെ നടപടി എടുക്കരുതെന്ന് പ്രതിപക്ഷ നേതാവുമായി അടുത്ത ബന്ധമുള്ളവർ സമ്മർദ്ദം ചെലുത്തുന്നതായും സൂചനയുണ്ട്.
പത്മകുമാറിനെതിരായ നടപടി ചർച്ച ചെയ്യാൻ നാളെ ജില്ലാ കമ്മിറ്റി ചേരുന്നുണ്ട്. സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിഞ്ഞെങ്കിലും പത്മകുമാറിനെ ഇതുവരെ ജില്ലാ കമ്മിറ്റിയിൽ നിന്ന് നീക്കം ചെയ്തിട്ടില്ല. പാർട്ടി പരിപാടികളിൽ നിന്ന് മാറ്റിനിർത്തുക മാത്രമാണ് ചെയ്തത്. കഴിഞ്ഞ ആഴ്ച പത്മകുമാർ പാർട്ടി അംഗത്വം പുതുക്കിയിരുന്നു.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ




































