തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പശ്‌ചാത്തലത്തിൽ കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിന്റെ പേരിൽ വ്യാജ കത്ത് പ്രചരിപ്പിച്ച കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി സൈബർ പോലീസ്. ഇന്നലെ കെ. സുധാകരന്റെ മരുമകനെ ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് കൂടുതൽ പേർക്ക് സമൻസ് അയച്ചിരിക്കുന്നത്.
കെഎസ് ബ്രിഗേഡിലെ (കെ. സുധാകരന്റെ അനുയായികളായ യുവാക്കളുടെ നവമാദ്ധ്യമ കൂട്ടായ്‌മ) കൂടുതൽ പേരെ ചോദ്യം ചെയ്യും. സുധാകരന്റെ സഹോദരിയുടെ മകൻ അജിത് കുമാറിനെയാണ് ഇന്നലെ ചോദ്യം ചെയ്‌തത്. സണ്ണി ജോസഫ് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ കണ്ണൂർ ആലക്കോട് സൈബർ പോലീസ് വിങ്ങാണ് നടപടി സ്വീകരിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിൽ കെ. സുധാകരനെ മൽസരിപ്പിക്കരുതെന്നും പകരം ടിഒ. മോഹനനെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജുൻ ഖർഗെയ്‌ക്ക് സണ്ണി ജോസഫ് എഴുതിയ കത്തെന്ന വിധത്തിലായിരുന്നു പ്രചാരണം. കെപിസിസി പ്രസിഡഡിന്റെ ലെറ്റർ ഹെഡിലെഴുതിയ രീതിയിലാണ് വ്യാജ കത്ത് തയ്യാറാക്കിയത്.
കണ്ണൂരിൽ മൽസരിക്കാൻ സുധാകരൻ ശാഠ്യം പിടിച്ചത് സ്‌ഥാനാർഥി നിർണായ ഘട്ടത്തിൽ കോൺഗ്രസിൽ വലിയ പ്രതിസന്ധിയും വിവാദവുമായിരുന്നു. ദിവസങ്ങൾ നീണ്ട നാടകീയ സംഭവങ്ങൾക്ക് ശേഷമാണ് മുൻ മേയർ ടിഒ. മോഹനനെ സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ കത്ത് പ്രചരിച്ചത്.
ഇതോടെ, താൻ അങ്ങനെ കത്തെഴുതിയിട്ടില്ലെന്ന് വ്യക്‌തമാക്കിയ സണ്ണി ജോസഫ് പോലീസിൽ പരാതി നൽകി. സാമൂഹിക മാദ്ധ്യമങ്ങളിൽ കത്ത് പ്രചരിപ്പിച്ച കെജെ. ജോസഫ്, അബ്‌ദുൽ ഖാദർ എന്നിവരെ പ്രതികളാക്കി പോലീസ് കേസെടുത്തു. ഇവരെ ചോദ്യം ചെയ്‌തതിൽ നിന്നാണ് അജിത് കുമാറിനെ കുറിച്ചുള്ള വിവരം ലഭിച്ചത്.
വിദേശത്ത് ജോലി ചെയ്യുന്ന അജിത് കുമാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് നാട്ടിലെത്തിയത്. സാമൂഹിക മാദ്ധ്യമ ഗ്രൂപ്പുകളിൽ കണ്ട കത്ത് വ്യക്‌തികൾക്ക് ഫോർവേഡ് ചെയ്‌തു എന്നതിനപ്പുറം തനിക്ക് കത്തുമായി ബന്ധമില്ലെന്നാണ് അജിത് കുമാർ പോലീസിനോട് പറഞ്ഞത്. ചോദ്യം ചെയ്‌തതിന് ശേഷം ഇയാളെ വിട്ടയച്ചു.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ







































