ന്യൂഡെൽഹി: കേരളത്തിൽ യുഡിഎഫ് ഭരണത്തിൽ എത്തുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ. യുഡിഎഫ് കേവല ഭൂരിപക്ഷം മറികടക്കുമെന്നാണ് വിവിധ ഏജൻസികളുടെ സർവേകൾ സൂചിപ്പിക്കുന്നത്. കേരളം അടക്കമുള്ള നാല് സംസ്‌ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനവിധി അറിയാൻ നാല് നാൾ മാത്രം ശേഷിക്കെയാണ് ഇപ്പോൾ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നിരിക്കുന്നത്.
മിക്ക സർവേകളും യുഡിഎഫിന് 70ന് മുകളിൽ സീറ്റുകൾ പ്രവചിക്കുന്നുണ്ട്. അസമിൽ ബിജെപി ഭരണം നിലനിർത്തും. ബംഗാൾ ബിജെപി പിടിക്കുമെന്നും സർവേകൾ പറയുന്നു. തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യവും ഭരണം നിലനിർത്തും.
ആക്‌സിസ് മൈ ഇന്ത്യ
യുഡിഎഫ്- 78-90
എൽഡിഎഫ്- 49-62
എൻഡിഎ- 0-3
ന്യൂസ് 18
യുഡിഎഫ്- 70-80
എൽഡിഎഫ്- 68
എൻഡിഎ- 0-4
ടൈംസ് നൗ
യുഡിഎഫ്- 72-84
എൽഡിഎഫ്- 52-61
എൻഡിഎ- 3-7
പീപ്പിൾസ് പൾസ്
യുഡിഎഫ്- 75-85
എൽഡിഎഫ്- 55-65
എൻഡിഎ- 0-3
മാട്രിക്
യുഡിഎഫ്- 75-85
എൽഡിഎഫ്- 60- 65
എൻഡിഎ- 3-5
സീ ന്യൂസ്
യുഡിഎഫ്- 63-74
എൽഡിഎഫ്- 58-70
എൻഡിഎ- 2-5
അതേസമയം, എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രതീക്ഷയോടെയാണ് മുന്നണികൾ നോക്കിക്കാണുന്നത്. നേരിയ ഭൂരിപക്ഷമായാലും കേരളത്തിൽ ഭരണത്തുടർച്ച ഉറപ്പെന്നാണ് എൽഡിഎഫ് വ്യക്‌തമാക്കുന്നത്. മൂന്നാംതവണയും അധികാരത്തിലെത്തുമെന്ന് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആത്‌മവിശ്വാസം പ്രകടിപ്പിച്ചത്.
എന്നാൽ, ഭരണമാറ്റം ഉറപ്പാണെന്നും 85 മുകളിൽ സീറ്റ് നേടുമെന്നും യുഡിഎഫ് നേതാക്കളും പറയുന്നു. തരംഗമുണ്ടായാൽ 90 കടക്കുമെന്നും യുഡിഎഫ് ആത്‌മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജയമാണ് ഇത്തവണ യുഡിഎഫിന്റെ മുതൽക്കൂട്ട്.
അതേസമയം, ഇത്തവണ ഒന്നിലധികം സീറ്റുകൾ നേടി സാന്നിധ്യം ശക്‌തമാക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. മൂന്ന് സീറ്റിലെങ്കിലും വിജയിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. ഏപ്രിൽ ഒമ്പതിനായിരുന്നു കേരളത്തിലെ തിരഞ്ഞെടുപ്പ്. ഒറ്റഘട്ടമായി നടന്ന വോട്ടെടുപ്പിൽ 78 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. മേയ് നാലിനാണ് വോട്ടെണ്ണൽ.
Most Read| ഗ്യാസ് ബുക്കിങ് ഇനി അടിമുടി മാറും; മേയ് ഒന്നുമുതൽ പുതിയ നിയമം






































