മലപ്പുറം: നിലമ്പൂർ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചിമുറിയിൽ മാലിന്യം നിക്ഷേപിക്കുന്ന ബക്കറ്റിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശുചിമുറിയിൽ പ്രസവിച്ച ഉടൻ മാതാവ് ഉപേക്ഷിച്ചതാണെന്നാണ് സൂചന.
നിലമ്പൂർ അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ചാലിയാർ സ്വദേശിയായ യുവതിയാണ് ജൻമം നൽകിയ കുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിച്ചത്. ഇന്നലെ രാത്രി 11 നും 12നും ഇടയിലാണ് പ്രസവവേദനയെ തുടർന്ന് യുവതിയും ഭർത്താവും അകമ്പാടത്തുള്ള ഫാത്തിമ ആശുപത്രിയിൽ എത്തിയത്.
പരിശോധനയിൽ അമിത രക്‌തസ്രാവവമുള്ളതായി കണ്ടെത്തി. തുടർന്ന് പ്രസവ കേസുകൾ എടുക്കാറില്ലെന്ന് പറഞ്ഞ ജീവനക്കാർ ജില്ലാ ആശുപത്രിയിൽ പോകാനും നിർദ്ദേശിച്ചു. ഇതിനിടെ വസ്‌ത്രം മാറാൻ ശുചിമുറിയിൽ പോകണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോൾ ജീവനക്കാർ അനുവദിച്ചു. അൽപ്പം കഴിഞ്ഞ് പുറത്തിറങ്ങിയ യുവതി ഭർത്താവിനൊപ്പം ആംബുലൻസിൽ പോവുകയും ചെയ്‌തു.
ഇന്ന് രാവിലെ ശുചിമുറി വൃത്തിയാക്കാൻ എത്തിയ ജീവനക്കാരിയാണ് ബക്കറ്റിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഉടൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രിയിലെ സിസിടിവി തകരാറിലായതിനാൽ യുവതിയെ തിരിച്ചറിയാനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതി ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിൽസ തേടിയതായി കണ്ടെത്തി.
അമിത രക്‌തസ്രാവത്തിനാണ് ഇവിടെ ചികിൽസ തേടിയത്. പ്രസവിച്ച വിവരം പറഞ്ഞില്ല. പോലീസ് യുവതിയെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു. യുവതിയുടെ സ്‌കാനിങ് പരിശോധനയിൽ പ്രസവിച്ചതിന്റെ ലക്ഷണങ്ങളുണ്ട്. യുവതിയെ ജില്ലാ ആശുപത്രിയിലെ പ്രസവ വിഭാഗത്തിൽ വിദഗ്‌ധ പരിശോധനക്ക് വിധേയയാക്കും.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം


































