ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡെൽഹിയിൽ വിദ്യാർഥികൾക്കു നേരെയുണ്ടായ പോലീസ് അതിക്രമത്തിലാണ് രാഹുലിന്റെ വിമർശനം. അമിത് ഷായ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളും രാഹുൽ ഗാന്ധി ഉന്നയിച്ചിട്ടുണ്ട്.
സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികളെ ആക്രമിക്കാൻ പോലീസിന് അനുമതി നൽകിയത് ആഭ്യന്തര മന്ത്രിയാണെന്ന് ആരോപിച്ച രാഹുൽ, അമിത് ഷായെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. വിദ്യാർഥികളെ ലക്ഷ്യമിട്ടതിൽ അമിത് ഷായുടെ പങ്കിനെ ചോദ്യം ചെയ്തതിനാലാണ് തന്നെ ലോക്സഭയിൽ സംസാരിക്കുന്നതിൽ നിന്ന് വിലക്കിയത്.
ആഭ്യന്തര മന്ത്രിയുടെ അനുമതിയില്ലാതെ പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കാൻ കഴിയില്ല. മാപ്പ് പറഞ്ഞാൽ സഭയിൽ സംസാരിക്കാൻ അനുമതി നൽകാമെന്നാണ് തന്നോട് പറഞ്ഞത്. എന്നാൽ, ആർഎസ്എസിനോടും ബിജെപിയോടും അവരുമായി ബന്ധപ്പെട്ട ആളുകളോടും ഒരിക്കലും മാപ്പ് പറയില്ലെന്ന് രാഹുൽ പറഞ്ഞു.
എന്റെ അവകാശമാണ് സംസാരിക്കുകയെന്നത്. പാർലമെന്റ് മാർച്ചിൽ പോലീസ് വിദ്യാർഥികളെ ക്രൂരമായി മർദ്ദിച്ചു. പെല്ലറ്റ് ഗൺ പ്രയോഗിച്ചു. ഒരാളുടെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. അമിത് ഷാ ആണ് എല്ലാത്തിനും ഉത്തരവാദി. അമിത് ഷാ പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചു നിർദ്ദേശം നൽകി. വിദ്യാർഥികൾക്ക് നീതി വേണം. അവർക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
പൊതു പരീക്ഷാ ഭേദഗതി ബില്ലിൽ പേപ്പർ ചോർച്ച എങ്ങനെ തടയാമെന്ന് പരാമർശിക്കുന്നില്ല. വിദ്യാഭ്യാസ മന്ത്രാലയത്തിൽ ആർഎസ്എസ് ശക്തമായി ഇടപെടുന്നുവെന്നും രാഹുൽ ആരോപിച്ചു. ധർമേന്ദ്ര പ്രധാൻ ഒരു പ്രതീകം മാത്രമാണ്. യഥാർഥ ശത്രു ആർഎസ്എസാണ്. രാജ്യത്തെ എല്ലാ സർവകലാശാലകളിലും ആർഎസ്എസ് പിന്തുണയുള്ള വൈസ് ചാൻസലർമാർ ഉണ്ടെന്നും രാഹുൽ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ചൂണ്ടിക്കാട്ടി.
Most Read| ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ; 22ന് സ്കൂളുകൾ അടയ്ക്കും, 31ന് തുറക്കും






































