ദുബായ്: ഏഷ്യൻ ജൂനിയർ ബാഡ്മിന്റൺ ടീമിൽ ഇടംനേടി ദുബായിലെ മലയാളി വിദ്യാർഥിനി അലെക്സിയ എൽസ അലക്സാണ്ടർ. ദേശീയ ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ ചരിത്രനേട്ടം കുറിച്ചതിന് പിന്നാലെയാണ് പത്തനംതിട്ട അടൂർ സ്വദേശിനിയായ 14-കാരി അലെക്സിയ രാജ്യാന്തര പോരാട്ടത്തിൽ ഇന്ത്യയുടെ പതാകയേന്തുന്നത്.
രാജ്യത്തെ ഏറ്റവും മികച്ച ജൂനിയർ താരങ്ങളുടെ നിരയിലേക്ക് ഉയർന്ന അലെക്സിയയുടെ കഴിവുറ്റ പ്രകടനത്തിനും അർപ്പണബോധത്തിനും ലഭിച്ച വലിയൊരു അംഗീകാരമായാണ് ഇതിനെ വിലയിരുത്തുന്നത്.
ഹൈദരാബാദിലെ പ്രശസ്തമായ പുല്ലേല ഗോപീചന്ദ് ബാഡ്മിന്റൺ അക്കാദമിയിൽ നടന്ന ദേശീയ ടൂർണമെന്റിലാണ് അലെക്സിയയുടെ കിടീടനേട്ടം. അണ്ടർ 15 ഗേൾസ് ഡബിൾസ് വിഭാഗത്തിൽ തമിഴ്നാടിന്റെ ജയ സപ്തശ്രീയുമായി സഖ്യമുണ്ടാക്കിയാണ് താരം ദേശീയ ചാംപ്യനായത്.
ഇതിന് ബെംഗളൂരുവിൽ നടന്ന ദേശീയ സെലക്ഷൻ റാങ്കിങ് ടൂർണമെന്റിലും മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് അലെക്സിയക്ക് ഏഷ്യൻ ജൂനിയർ ചാംപ്യൻഷിപ്പിലേക്കുള്ള ഇന്ത്യൻ ടീമിലേക്ക് വഴിതുറന്നത്. സെപ്തംബർ എട്ടുമുതൽ 13 വരെ ചെന്നൈയിലെ ചെങ്ഡുവിൽവിലാണ് ചാംപ്യൻഷിപ്പ് നടക്കുന്നത്. അണ്ടർ 15 ഗേൾസ് സിംഗിൾസ് വിഭാഗത്തിലാണ് അലെക്സിയ ഇന്ത്യക്കായി പോരാടുക.
ദുബായ് അൽ വർഖ ഔവർ ഇംഗ്ളീഷ് ഹൈസ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർഥിനിയായ അലെക്സിയ യുഎഇയിലാണ് ജനിച്ചുവളർന്നത്. ബാഡ്മിന്റൺ താരമായ മൂത്ത സഹോദരിയുടെ കളി കണ്ടാണ് അലെക്സിയ ഏഴുവയസുമുതൽ ബാഡ്മിന്റണിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയത്. ദുബായ് ഇന്ത്യാ ക്ളബിൽ നടന്ന ടൂർണമെന്റിൽ അഞ്ചാം വയസിൽ ചാംപ്യനായതോടെയാണ് കരിയറിന്റെ തുടക്കം.
പിന്നാലെ ബാഡ്മിന്റൺ ഒരു സീരിയസ് വിഷയമായി എടുത്തു. നിരന്തര പരിശീലനങ്ങളും പ്രകടനങ്ങളും തുടർന്നു. സഹോദരിയിൽ നിന്ന് പകർന്നുകിട്ടിയ അനുഭവ സമ്പത്തും മുതൽക്കൂട്ടായി. ചെറിയ പ്രായത്തിൽ തന്നെ അലെക്സിയ രാജ്യമറിയുന്ന ബാഡ്മിന്റൺ താരമായി. അലെക്സിയ കേരളത്തിലെയും ചാംപ്യനാണ്. ദുബായിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന അടൂർ സ്വദേശി റോമി അലക്സാണ്ടറിന്റെയും റീജ റോമിയുടെയും മകളാണ്.
Most Read| 11 തവണ എവറസ്റ്റ് കീഴടക്കി; ജീവിതം ഒരു പോരാട്ടമാക്കിയ ‘മൗണ്ടൻ ക്വീൻ’




































