കണ്ണൂർ: അമൃത് പദ്ധതികളുടെ നടത്തിപ്പിൽ വിജയം കൈവരിച്ച് കണ്ണൂർ കോർപറേഷൻ. 38 പദ്ധതികളാണ് കണ്ണൂർ കോർപറേഷൻ നടപ്പിലാക്കുന്നത്. ഇതിനായി 225.65 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ 140.57 കോടി രൂപ ചിലവഴിച്ച് 24 പദ്ധതികൾ ഇതിനോടകം കോർപറേഷൻ നടപ്പിലാക്കി കഴിഞ്ഞു. ഇതോടെ അമൃത് പദ്ധതി നടത്തിപ്പിൽ കേരളത്തിൽ ആദ്യമായി കണ്ണൂർ കോർപറേഷൻ ഒന്നാമതെത്തി.
അനുവദിച്ച തുകയിൽ നിന്ന് 62.29 ശതമാനം ചിലവഴിച്ചാണ് 24 പദ്ധതികൾ പൂർത്തീകരിച്ചത്. ഇതിൽ 12 പദ്ധതികൾക്ക് 117 കോടിയാണ് ചിലവഴിച്ചത്. കുടിവെള്ള വിതരണം, അഴുക്കുചാൽ നിർമാണം, കക്കൂസ് മാലിന്യ സംസ്‌ക്കരണം, സ്‌റ്റോം വാട്ടർ ഡ്രൈനേജ്, നഗര ഗതാഗതം, പാർക്കുകളുടെ നിർമാണം, തുടങ്ങിയ പദ്ധതികളാണ് നടപ്പിലാക്കിയത്. പള്ളിക്കുന്ന്, തോട്ടട എന്നിവിടങ്ങളിലെ രണ്ട് വലിയ ജലസംഭരണികൾ യാഥാർഥ്യമായി.
പദ്ധതികളിൽ കുടിവെള്ള വിതരണത്തിനാണ് ഏറ്റവും കൂടുതൽ തുക ചിലവഴിച്ചതെന്ന് മേയർ അഡ്വ.ടിഒ മോഹനൻ പറഞ്ഞു. 2.1 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ട് സൈക്കിൾ പാതകൾ, 186 വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുന്ന മൾട്ടിലെവൽ കാർ പാർക്കിങ്, ഓവുചാൽ, അഴുക്കുചാൽ നവീകരണം അവസാനഘട്ടത്തിൽ ആണെന്നും മേയർ പറഞ്ഞു. അതേസമയം, കോവിഡും തുടർന്നുണ്ടായ ലോക്ക്‌ഡൗണും പദ്ധതി നടത്തിപ്പിന്റെ വേഗത കുറച്ചതായും മേയർ വ്യക്‌തമാക്കി.
Read Also: മലപ്പുറത്തെ ഹയര്‍ സെക്കണ്ടറി പ്രവേശനം; സര്‍ക്കാര്‍ നിസംഗത വെടിയണം -കേരള മുസ്‌ലിം ജമാഅത്ത്







































