പാലക്കാട്: കുടുംബശ്രീ രജിസ്‌ട്രേഷൻ പുതുക്കി നൽകാത്തതിനെ തുടർന്ന് പ്രതിഷേധം. മാത്തൂർ പഞ്ചായത്തിലെ ആറ് അയക്കൂട്ടങ്ങൾക്കാണ് കുടുംബശ്രീ ജില്ലാ മിഷൻ രജിസ്‌ട്രേഷൻ പുതുക്കി നൽകാത്തത്. വിവിധ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. രജിസ്‌ട്രേഷൻ പുതുക്കി നൽകാത്തത് രാഷ്‌ട്രീയ പ്രേരിതമാണെന്ന ആരോപണം ഉയരുന്നുണ്ട്. കുടുംബശ്രീ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് അയൽക്കൂട്ടങ്ങൾക്ക് അംഗീകാരം നൽകാതെ പ്രതികാര നടപടിയുമായി ജില്ലാ മിഷൻ മുന്നോട്ട് പോകുന്നതെന്നാണ് പരാതി.
ഇതുമൂലം, അയൽക്കൂട്ടങ്ങളിൽ ഉൾപ്പെട്ട നൂറോളം കുടുംബങ്ങൾക്ക് കോവിഡ് വായ്‌പ ഉൾപ്പടെയുള്ള ആനുകൂല്യങ്ങളാണ് നഷ്‌ട പെട്ടത്. നിരവധി തവണ രജിസ്ട്രേഷനായി ജില്ലാ മിഷനെ സമീപിച്ചിരുന്നെങ്കിലും പല കാരണങ്ങൾ പറഞ്ഞ് നിരസിക്കുകയാണ് ചെയ്‌തതെന്നാണ് കുടുംബശ്രീ അംഗങ്ങൾ പറയുന്നത്. ഇക്കാരണം പറഞ്ഞ് സിഡിഎസ് തിരഞ്ഞെടുപ്പിൽ പോലും ആറ് അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾക്ക് വോട്ടവകാശം നിഷേധിച്ചിരിക്കുകയാണെന്നും പരാതി ഉണ്ട്.
കൂടാതെ, കഴിഞ്ഞ അഞ്ചു വർഷമായി കുടുംബശ്രീ സംബന്ധമായ ഒരു അപേക്ഷയും ജില്ലാ മിഷൻ സ്വീകരിക്കുന്നില്ലെന്നും പരാതി ഉണ്ട്. അതേസമയം, മാർച്ച് 31ന് രജിസ്‌ട്രേഷൻ പുതുക്കി നൽകാൻ ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ട് പോലും കുടുംബശ്രീ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എന്നാൽ ഈ മാസം 22ന് അംഗീകാരം പുതുക്കി നൽകാമെന്ന് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഉറപ്പ് നൽകിയിരുന്നെങ്കിലും അത് പാഴ്‌വാക്കായി. തുടർന്നാണ് കുടുംബശ്രീ അംഗങ്ങൾ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തിയത്.
Read Also: മോൻസൺ മാവുങ്കലിന്റെ വീട്ടിൽ സംയുക്‌ത പരിശോധന; നെയിം ബോർഡുകൾ നീക്കി






































