തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. ഇതേ തുടർന്ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ എറണാകുളം, ആലപ്പുഴ ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും കനത്ത മഴ പെയ്യാൻ സാധ്യത ഉള്ളതിനാൽ യെല്ലോ അലർടും പ്രഖ്യാപിച്ചു.
നാളെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതേ തുടർന്ന് ഇടുക്കി, മലപ്പുറം ജില്ലകളിൽ നാളെ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. കൂടാതെ ഇടിമിന്നൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും, ആളുകൾ കർശന ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി. കേരള-കർണാടക തീരങ്ങളിൽ നിന്നും നാളെ വരെ കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം തന്നെ തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തോട് ചേർന്ന് രൂപപ്പെട്ട ചക്രവാതച്ചുഴി നാളെയോടെ ശക്തിയാർജിച്ച് വടക്ക് കിഴക്കൻ ദിശയിൽ നീങ്ങി ന്യൂനമർദ്ദമായി മാറുമെന്നാണ് വിലയിരുത്തൽ. കൂടാതെ ഗുജറാത്ത് തീരത്തിന് സമീപം അറബിക്കടലിൽ രൂപം കൊണ്ട ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് നീങ്ങി. ഇന്ന് രാവിലെ മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ ഒമാനിൽ കര തൊടുമെന്നാണ് പ്രവചനം.
Read also: ആദിവാസി യുവാക്കളുടെ തിരോധാനം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യം






































