പാലക്കാട്: കണ്ണാടി ബാങ്ക് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം ജില്ലാ കമ്മിറ്റി റദ്ദാക്കി. കണ്ണാടി ബാങ്ക് സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ പി സുരേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം ജില്ലാ കമ്മിറ്റിയാണ് റദ്ദാക്കിയത്. പകരം ഇയാളെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്താനാണ് തീരുമാനം. കണ്ണാടി ബാങ്കിൽ ക്രമക്കേട് നടത്തിയതിനെ തുടർന്നുള്ള സെക്രട്ടറിക്ക് എതിരെയുള്ള നടപടിയാണ് സിപിഎം ലഘൂകരിച്ചത്.
അതേസമയം, മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ ഹരിദാസിനെ ഏരിയ കമ്മിറ്റി അംഗമായി നിലനിർത്താനും തീരുമാനിച്ചിട്ടുണ്ട്. ജില്ലാ കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് നടപടി. എലപ്പുള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ വാസു ഉൾപ്പടെയുള്ള 20 പേർക്കെതിരായ നടപടിയും മരവിപ്പിച്ചിട്ടുണ്ട്. അതേസമയം, പുതുശ്ശേരി ഏരിയാ കമ്മിറ്റിയംഗം കെ ഉണ്ണികൃഷ്‌ണനെ ബ്രാഞ്ച് ഘടകത്തിലേക്ക് തരംതാഴ്‌ത്തിയ നടപടി സിപിഎം ശരിവെച്ചു.
കണ്ണാടി ബാങ്കിൽ സാമ്പത്തിക ക്രമക്കേട് നടന്നെന്ന് പാർട്ടി തലത്തിലുള്ള അന്വേഷണത്തിൽ സ്‌ഥിരീകരിച്ചിരുന്നു. ഇത് പാലക്കാട് പുതുശ്ശേരി ഏരിയാ കമ്മിറ്റിക്ക് കീഴിൽ കൂട്ട നടപടിക്ക് വഴിവെച്ചിരുന്നു. പാർട്ടിയുടെ പ്രതിച്‌ഛായക്ക് കോട്ടം വരുത്തുന്ന നടപടികൾ ഇവരുടെ ഭാഗത്ത് നിന്നുമുണ്ടായി എന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു കൂട്ടനടപടി സിപിഎം സ്വീകരിച്ചത്.
Most Read: വാഹനം ഇടിച്ചുകയറ്റിയത് മനഃപൂർവം; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം







































