തിരുവനന്തപുരം: ജില്ലയിലെ തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിലെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറുകൾ തകർത്ത നിലയിൽ. മോഷണ ശ്രമത്തിന്റെ ഭാഗമായാണ് കാറുകൾ തകർത്തതെന്നാണ് നിഗമനം. 19 വാഹനങ്ങളുടെ ചില്ലുകളാണ് അക്രമികൾ തകർത്തത്.
ഇന്നലെ രാത്രിയിലാണ് പേ ആൻഡ് പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർത്ത് മോഷണശ്രമം നടന്നത്. തുടർന്ന് ഇന്ന് രാവിലെയോടെ ഉടമസ്‌ഥർ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. റെയിൽവേയുടെ ഉടമസ്‌ഥതയിലുള്ള അതീവ സുരക്ഷാ മേഖലയിലാണ് കവർച്ച നടന്നത്. ഇവിടെ സ്‌ഥിരമായി സെക്യൂരിറ്റി ജീവനക്കാർ ഉണ്ടാകുന്നതാണ്. എന്നാൽ ഇന്നലെ കനത്ത മഴയെ തുടർന്ന് ഇവർ അൽപനേരം മാറി നിന്നപ്പോഴാണ് അക്രമികൾ വാഹനം തകർത്തതെന്നാണ് കരുതുന്നത്.
മിക്ക കാറുകളുടെയും വിൻഡോ ഗ്ളാസുകളാണ് തകർക്കാൻ ശ്രമം നടന്നിട്ടുള്ളത്. കൂടാതെ മ്യൂസിക് സിസ്‌റ്റത്തിന്റെ സ്‌പീക്കർ ഉൾപ്പടെ ഊരിയെടുക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെ തമ്പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനാണ് നിലവിലെ നീക്കം.
Read also: സിബിഐ ഡയറക്‌ടറെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് മുംബൈ പോലീസ്




































