കണ്ണൂര്‍: വധശ്രമക്കേസില്‍ പ്രതികളായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ വെറുതെവിട്ട വിധിയില്‍ പിന്നീട് പ്രതികരിക്കാമെന്ന് മുതിർന്ന സിപിഐഎം നേതാവ് പി ജയരാജൻ. വിധിപ്പകര്‍പ്പ് കിട്ടിയതിന് ശേഷം വിശദമായി പ്രതികരിക്കാം എന്നാണ് പി ജയരാജൻ ഫേസ്ബുക്കിലൂടെ അറിയിച്ചത്.
”പട്ടുവം അരിയിലില്‍ ലീഗ് ആക്രമണങ്ങള്‍ നടന്ന പ്രദേശത്ത് എത്തിയ ഞാനും ടിവി രാജഷും ഉള്‍പ്പടെയുള്ള സിപിഐഎം പ്രവര്‍ത്തകരെ ലീഗുകാര്‍ ആക്രമിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ട് കൊണ്ടുള്ള വിധി വന്നിരിക്കുകയാണ്. ഇതേ കുറിച്ച് പ്രതികരണം ആരാഞ്ഞുകൊണ്ട് മാദ്ധ്യമങ്ങള്‍ ബന്ധപ്പെട്ടിരുന്നു. വിധിപ്പകര്‍പ്പ് കിട്ടിയതിനു ശേഷം ഇതു സംബന്ധിച്ചുള്ള വിശദമായ പ്രതികരണം നടത്തും”- ജയരാജൻ പറഞ്ഞു.
പി ജയരാജന്‍, ടിവി രാജേഷ് അടക്കമുള്ളവരെ 2012 ഫെബ്രുവരി 20ന് തളിപ്പറമ്പ് അരിയില്‍ പ്രദേശത്ത് വച്ച് വാഹനം തടഞ്ഞുനിര്‍ത്തി വധിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു കേസ്. പ്രതിയായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ 12 പേരെ വെറുതെ വിടുന്നതായി കണ്ണൂര്‍ അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്. അന്‍സാര്‍, ഹനീഫ, സുഹൈല്‍, അഷ്റഫ്,അനസ്, റൗഫ്, സക്കരിയ്യ, ഷമ്മാദ്, യഹിയ, സജീര്‍, നൗഷാദ് എന്നിവരെയാണ് കോടതി വെറുതെവിട്ടത്.
Read also: ഇന്ധനവില വർധന; സൗജന്യ വാക്‌സിൻ നൽകാനെന്ന് കേന്ദ്രമന്ത്രി







































