കോഴിക്കോട്: കുറ്റ്യാടി ചുരത്തിലെ കാവിലുമ്പാറയിൽ രണ്ട് ദിവസം മുമ്പുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക കൃഷിനാശം റിപ്പോർട് ചെയ്‌തു. ആറ് ഹെക്‌ടറിലധികം കൃഷിഭൂമി മണ്ണുമൂടി നശിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തൽ. തെങ്ങ്, കവുങ്ങ്, റബ്ബർ തുടങ്ങിയവ കൃഷിചെയ്‌ത് വരുന്ന ഭൂമിയാണ് ഉരുൾപൊട്ടലിൽ നശിച്ചത്. കൃഷി സ്‌ഥലങ്ങൾക്ക് പുറമെ നിരവധി വീടുകളും മണ്ണുമൂടിയിരുന്നു.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയ ചില കുടുംബങ്ങൾ നിലവിൽ വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. എന്നാൽ, ഇരുപതോളം കുടുംബങ്ങൾക്ക് വീടുകളിലേക്ക് മടങ്ങാൻ സാധിച്ചിട്ടില്ല. പ്രദേശത്ത് മണ്ണ് മൂടി കിടക്കുന്നതിനാൽ വീടുകൾ വാസയോഗ്യമല്ലാതായി തീർന്നിട്ടുണ്ട്. അതേസമയം, കൃഷിസ്‌ഥലം നഷ്‌ടപെട്ട കർഷകർക്ക് എത്രയും പെട്ടെന്ന് നഷ്‌ടപരിഹാരം നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
നിലവിൽ നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചു കുറ്റ്യാടി ചുരത്തിൽ ഗതാഗതം പുനഃസ്‌ഥാപിച്ചിട്ടുണ്ട്. കെഎസ്ആർടിസി ബസുകൾ സാധാരണ പോലെ സർവീസ് നടത്തുന്നുണ്ട്. അതിനിടെ കനത്ത മഴയിൽ താറുമാറായ കുറ്റ്യാടി ചുരം റോഡ് അടിയന്തിരമായി അറ്റകുറ്റപ്പണി നടത്താൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർദ്ദേശം നൽകി. അടുത്ത ആഴ്‌ച തന്നെ റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങാനാണ് നിർദ്ദേശം. തകരാറിലായ ചൂരണി പാലവും നന്നാക്കാൻ നിർദ്ദേശമുണ്ട്.
Most Read: ഈ വർഷം ട്രാക്കിൽ പൊലിഞ്ഞത് 107 ജീവൻ; കർശന നടപടിയുമായി പാലക്കാട് ഡിവിഷൻ




































