കാസർഗോഡ്: കാസർഗോഡ് മെഡിക്കൽ കോളേജിൽ പരിശോധനകൾ തുടങ്ങുന്നു. ഉക്കിനടുക്കയിലെ നിർമാണം പൂർത്തിയാക്കിയ അക്കാദമിക് ബ്ളോക്കിലാണ് താൽക്കാലിക ഒപി വിഭാഗം തുടങ്ങുക. സംസ്‌ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറേറ്റിന്റെ അനുമതി ലഭിച്ചാൽ ഈ മാസം 15 ഓടെ ഒപി പ്രവർത്തനങ്ങൾ ആരംഭിക്കും. കഴിഞ്ഞ വർഷം മാർച്ചിൽ അക്കാദമിക് ബ്ളോക്കിൽ താൽക്കാലിക ഒപി തുടങ്ങാൻ തീരുമാനിച്ചിരുന്നു. എന്നാൽ, കോവിഡ് വ്യാപനത്തോടെ ഇവിടം കോവിഡ് ചികിൽസാ കേന്ദ്രമാക്കി.
ഒപി തുറക്കുന്നതോടെ ആവശ്യത്തിന് ജീവനക്കാരെയും സൗജന്യമായി നൽകാനുള്ള മരുന്നും ലഭ്യമാക്കും. നിലവിൽ 21 ഡോക്‌ടർമാരും 30 നഴ്‌സിങ് ജീവനക്കാരുമാണുള്ളത്. ശുചീകരണം, ഫാർമസിസ്‌റ്റ് , ലാബ്, സെക്യൂരിറ്റി വിഭാഗങ്ങളിൽ ജീവനക്കാരെ ആവശ്യമുണ്ട്. ഈ വിഭാഗത്തിൽ നേരത്തെ ഉണ്ടായിരുന്ന കോവിഡ് ബ്രിഗ്രേഡ് പ്രവർത്തകരെ ദേശീയ ആരോഗ്യ ദൗത്യം പിൻവലിച്ചിരുന്നു. നിലവിൽ രണ്ട് ലിഫ്റ്റുകൾ സ്‌ഥാപിക്കുന്നതിന്റെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഓക്‌സിജൻ പ്ളാന്റിന്റെ പണിയും പൂർത്തിയാകുന്നുണ്ട്.
95 കോടി രൂപ ചിലവിട്ട ആശുപത്രി ബ്ളോക്കിന്റെ നിർമാണം അടുത്ത വർഷം ജൂണോടെ പൂർത്തിയാകും. ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ പ്രവൃത്തികളാണ് ഇനി പൂർത്തിയാകാനുള്ളത്. മെഡിക്കൽ കോളേജിൽ കെട്ടിടങ്ങളും അത്യാധുനിക സൗകര്യങ്ങളും ഒരുക്കാൻ 160.23 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരുന്നത്. കോളേജിലേക്കായി 273 തസ്‌തിക സൃഷ്‌ടിച്ചു. 100 വിദ്യാർഥികളും 500 ബെഡുമുള്ള കോളേജാണ് തുടക്കത്തിൽ പദ്ധതിയിട്ടിരിക്കുന്നത്. പിന്നീട് 150 വിദ്യാർഥികളെ പ്രവേശിപ്പിക്കും.
Most Read: നടൻ ജോജുവിന്റെ കാർ തകർത്ത യൂത്ത് കോൺഗ്രസ് നേതാവ് അറസ്‌റ്റിൽ































