തിരുവനന്തപുരം: കിഫ്‌ബിയ്‌ക്കെതിരായ സിഎജി പരാമർശം നിയമസഭ തള്ളിയതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സിഎജി നിലപാടിൽ രാഷ്‌ട്രീയമുണ്ടോ എന്ന് പറയാനാകില്ല. ഒരിക്കൽ തള്ളിയ കാര്യം വീണ്ടും വരുന്നത് എന്തുകൊണ്ടാണെന്ന് ആർക്കും ഊഹിക്കാം. നിയമം അനുസരിച്ചാണ് കിഫ്‌ബിയുടെ പ്രവർത്തനമെന്നും മന്ത്രി പറഞ്ഞു.
സിഎജിക്കെതിരെ മുൻ ധനമന്ത്രി തോമസ് ഐസക്കും രംഗത്തെത്തിയിരുന്നു. നിയമസഭ ചർച്ച ചെയ്‌ത് തള്ളിയ ആരോപണങ്ങളാണ് സിഎജി ഉന്നയിച്ചത്. ബാധ്യതകൾ വരുന്ന നിർമാണം കിഫ്‌ബി ഏറ്റെടുക്കുന്നില്ല. കേന്ദ്രവും മറ്റ് സംസ്‌ഥാനങ്ങളും സമാന രീതിയിൽ കടമെടുക്കുന്നുണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു.
അതേസമയം, പ്രളയം സർക്കാർ സൃഷ്‌ടിച്ചതെന്ന പ്രതിപക്ഷ നിലപാട് ശരിവെക്കുന്നതാണ് സിഎജി റിപ്പോർട്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജനങ്ങളുടെ ജീവനും സ്വത്തും നഷ്‌ടപ്പെട്ടതിൽ സർക്കാർ ഉത്തരം പറയണം. കുറ്റക്കാരെ സർക്കാർ സംരക്ഷിച്ചെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ധനസ്‌ഥിതിയിലെ ഭയാനക ചിത്രം സിഎജി ചൂണ്ടിക്കാണിക്കുമ്പോഴാണ് ഭീമമായ കടമെടുത്ത് സർക്കാർ സിൽവർ ലൈനുമായി മുന്നോട്ട് പോകുന്നതെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി.
Also Read: ജോജുവിന്റെ കാർ തകർത്ത കേസ്; രണ്ട് പ്രതികൾക്കു കൂടി ജാമ്യം







































