തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും അതി ശക്‌തമായ മഴ തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് 6 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം, അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി എന്നിവയാണ് ഇപ്പോൾ സംസ്‌ഥാനത്ത് മഴ ശക്‌തമാകാൻ കാരണം. നിലവിൽ മഴ കനക്കുന്നതിനാൽ എല്ലാ ജില്ലകളിലും റെഡ് അലർടിന് സമാനമായ മുന്നൊരുക്കങ്ങൾ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്‌തമാക്കി. കൂടാതെ കനത്ത മഴയെ തുടർന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
കാസർഗോഡ് ജില്ലയിലെ സ്‌കൂളുകൾക്ക് അവധി ആയിരിക്കുമെന്നും, കോളേജുകൾക്ക് അവധി ഉണ്ടായിരിക്കില്ലെന്നും അധികൃതർ വ്യക്‌തമാക്കി. കൂടാതെ കനത്ത മഴ തുടരുന്ന പശ്‌ചാത്തലത്തിൽ എംജി, കേരള, കുസാറ്റ്, കുഫോസ്, ആരോഗ്യ, സാങ്കേതിക സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു.
Read also: സാമൂഹ്യപ്രവർത്തകൻ സുധീർ തിരുനിലത്തിന് ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡറുടെ ആദരം






































