ചെന്നൈ: വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ച നടപടിയിൽ പ്രതികരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പിൻവലിച്ചത് കർഷകരുടെ പോരാട്ടത്തിന്റെ വിജയമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കൂടാതെ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.
ജനാധിപത്യത്തിൽ ജനങ്ങളുടെ ആഗ്രഹമാണ് നടപ്പാക്കേണ്ടതെന്നും, ചരിത്രം നമ്മെ പഠിപ്പിക്കുന്നത് അതാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ കർഷകർക്ക് വേണ്ടി പോരാടിയതിലും കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കിയതിലും അഭിമാനിക്കുന്നുവെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
സഹന സമര വിജയത്തിലൂടെ ഇന്ത്യ ഗാന്ധിയുടെ മണ്ണാണ് എന്ന് കര്‍ഷകര്‍ ലോകത്തിന് കാട്ടിക്കൊടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് രാവിലെയോടെയാണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം രാജ്യത്തെ അഭിസംബോധന ചെയ്ത് അറിയിച്ചത്.
Read also: കൊല്ലത്ത് ഡോക്ടർമാർക്കും ജീവനക്കാർക്കും നേരെ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ






































