കോഴിക്കോട്: കോളേജിന് എയ്‌ഡഡ് പദവി അനുവദിച്ച് നൽകാമെന്ന് പറഞ്ഞ് സിപിഐ നേതാക്കൾ 86 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കോഴിക്കോട് കുന്ദമംഗലം സ്വദേശി കെപി ശ്രീധരനാണ് പരാതിയുമായി രംഗത്തെത്തിയത്. സിപിഐ ഉടുമ്പുഞ്ചോല മണ്ഡലം നേതാവ് കെകെ സജികുമാർ, ജോയി വർഗീസ്, ഇടുക്കിയിലെ സിപിഐ നേതാക്കളായ സികെ കൃഷ്‌ണൻകുട്ടി, വികെ ധനപാലൻ, കോട്ടയം റോയി എന്നിവർക്ക് എതിരെയാണ് പരാതി.
സംഭവത്തിൽ ശ്രീധരൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും സിപിഐ നേതൃത്വത്തിനും പരാതി നൽകിയിരുന്നു. ശ്രീധരന്റെ ഉടമസ്‌ഥതയിലുള്ള ടിഎംഎസ് കോളേജ് ഓഫ് മാനേജ്‌മെന്റിന് എയ്‌ഡഡ് പദവി നൽകാമെന്ന് പറഞ്ഞാണ് സജികുമാറും സംഘവും 86,17,000 രൂപ തട്ടിയെടുത്തതെന്നാണ് പരാതി. ഗുരുവായൂർ വെച്ചാണ് ശ്രീധരൻ സജികുമാറിനെ പരിചയപ്പെടുന്നത്. തുടർന്ന് 2013 സെപ്റ്റംബറിൽ കുന്ദമംഗലം പിഡബ്‌ളൂഡി റെസ്‌റ്റ് ഹൗസിൽ വെച്ച് പത്ത് ലക്ഷം രൂപ സജികുമാർ ശ്രീധരനിൽ നിന്ന് കൈപ്പറ്റി.
2016 ഫെബ്രുവരി 28ന് സജികുമാറും ജോയി വർഗീസും ചേർന്ന് വീണ്ടും 20 ലക്ഷം കൂടി ശ്രീധരനിൽ നിന്ന് വാങ്ങിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡിൽ അംഗമാക്കാമെന്ന് പറഞ്ഞ് പിന്നീട് 20 ലക്ഷം കൂടി വാങ്ങിയെടുത്തു. ഇതിന് പുറമെ പലതവണയായി 6,17,000 രൂപ സജികുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്കും അയച്ചുകൊടുത്തു. അതേസമയം, ഇടപാട് നടത്തിയത് മറ്റൊരാളാണെന്നും തന്റെ പേരിലാക്കുന്നത് പാർട്ടിക്കുള്ളിലെ വിഭാഗീയത കൊണ്ടാണെന്നുമാണ് സജികുമാറിന്റെ വിശദീകരണം.
Most Read: ബിപിൻ റാവത്തിന്റെ കുടുംബത്തെ സന്ദർശിച്ച് രാജ്‌നാഥ് സിങ്




































