കണ്ണൂർ: മദ്യലഹരിയിൽ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫിസിലെ ജീവനക്കാരിയുടെ വീട്ടിൽ കയറി മോശമായി പെരുമാറിയ പോലീസ് ഉദ്യോഗസ്‌ഥനെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. സ്‌റ്റേറ്റ് ക്രൈം ബ്രാഞ്ച് സീനിയർ സിവിൽ പോലീസ് ഓഫിസർ ടിവി പ്രദീപനെതിരെയാണ് കേസ്. ജീവനക്കാരിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
സ്‌ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. ഉദ്യോഗസ്‌ഥനെതിരെ വകുപ്പുതല നടപടിക്കും ശുപാർശ ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പോലീസ് ഉദ്യോഗസ്‌ഥനായ പ്രദീപൻ മദ്യലഹരിയിൽ കണ്ണൂരിലുള്ള യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും സ്‌ത്രീത്വത്തെ അപമാനിക്കുകയും ചെയ്‌തുവെന്നാണ് കേസ്.
സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്നാണ് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
Most Read: സംസ്‌ഥാനത്ത് ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തി; നടപടികൾ ശക്‌തം