തിരുവനന്തപുരം: നഗരത്തിലെ മാളുകളിൽ പാർക്കിങ് ഫീസായി വൻ തുക ഈടാക്കുന്നുവെന്ന പരാതികളിൽ നടപടിയുമായി തിരുവനന്തപുരം കോർപറേഷൻ. കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരമുള്ള പാർക്കിങ് ഏരിയക്ക് പാർക്കിങ് ഫീസ് നൽകേണ്ടതില്ല. ഇത്തരം പാർക്കിങ് ഏറിയ കെട്ടിടത്തിന്റെ അനുബന്ധ ഭാഗമായി നിയമപരമായി തന്നെ നിലനിർത്തണം. വലിയ മാളുകളും ആശുപത്രികളും പാർക്കിങ് സ്‌ഥലം കൂടി ഉൾപ്പെടുത്തിയാണ് പണിയേണ്ടത്. നഗരസഭാ പരിധിയിൽ വരുന്ന മാളുകൾ ഉൾപ്പടെയുള്ള വിവിധ കെട്ടിടങ്ങൾക്ക് നിയമപരമായ പാർക്കിങ് സൗകര്യം ആവശ്യമാണെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.
കെട്ടിട സമുച്ചയങ്ങൾക്ക് പുറമെയുള്ള സ്‌ഥലത്ത് പാർക്കിങ് സൗകര്യമുണ്ടെങ്കിൽ അതിന് നഗരസഭയിൽ അനുമതി വാങ്ങണം. ഇക്കാര്യം പാർക്കിങ് ഏരിയയിൽ പ്രദർശിപ്പിക്കുകയും വേണം. ഇരുചക്ര വാഹനങ്ങൾക്ക് രണ്ടുരൂപയും മറ്റ് വാഹനങ്ങൾക്ക് പത്ത് രൂപയുമാണ് നഗരസഭ ഇത്തരം പാർക്കിങ് സ്‌ഥലത്തിന് നിരക്ക് നിശ്‌ചയിച്ചിട്ടുള്ളത്. നിരക്ക്, പാർക്കിങ് സ്‌ഥലങ്ങൾ, പാലിക്കേണ്ട നിബന്ധനകൾ തുടങ്ങിയവ ഉൾക്കൊള്ളിച്ച് മുൻ ഭരണസമിതിയുടെ കാലത്ത് തയ്യാറാക്കിയ പാർക്കിങ് നിയമാവലിക്ക് കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ട്.
മാളുകൾ, സ്വകാര്യ ആശുപത്രികൾ, ചില തിയേറ്ററുകൾ എന്നിവിടങ്ങളിലെ സൗജന്യ പാർക്കിങ് സ്‌ഥലംഓഫിസ് സ്‌റ്റാഫുകൾക്ക് നൽകിയ ശേഷം ഉപഭോക്‌താക്കളിൽ നിന്ന് പണം ഈടാക്കുന്നതായി ആരോപണം ഉയർന്നിരുന്നു. നഗരസഭയിൽ നേരിട്ടെത്തിയും പരാതി പരിഹാര സെൽ വഴിയും പലരും പരാതി നൽകിയിരുന്നു. ഇനി ഇത്തരം പരാതികൾ ലഭിച്ചാൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി.
നേരത്തെ വാഹന പാർക്കിങ്ങിന് അനധികൃതമായി ഫീസ് ഈടാക്കുന്ന മാളുകൾക്കെതിരെ കർശന നടപടിയുമായി കോഴിക്കോട് കോർപറേഷനും രംഗത്തെത്തിയിരുന്നു.
Also Read: ഒമൈക്രോണ്‍; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി