കൊല്ലം: കേരളത്തിലേക്ക് ചരക്കുലോറിയിൽ കടത്താൻ ശ്രമിച്ച 52 കുപ്പി മദ്യം ആര്യങ്കാവ് എക്‌സൈസ് ചെക്ക്പോസ്‌റ്റിൽ പിടികൂടി. പുതുച്ചേരിയിൽ നിന്നുള്ള മദ്യമാണ് പിടിച്ചെടുത്തത്. ലോറി ഡ്രൈവറായ തമിഴ്നാട് നെയ്‌വേലി സ്വദേശി സുധാകരനെ(25) എക്‌സൈസ് അറസ്‌റ്റ് ചെയ്‌തു. ലോറിയും കസ്‌റ്റഡിയിലെടുത്തു.
നാഷണൽ പെർമിറ്റ് ലോറിയുടെ ക്യാബിനിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ. ലോറിയിൽ ചരക്ക് കയറ്റി അയച്ച കമ്പനിയുടെ മാനേജരാണ് മദ്യം നൽകിയതെന്നാണ് ഡ്രൈവറുടെ മൊഴി. ഇത് കൊല്ലത്ത് എത്തിക്കാനായിരുന്നു നിർദ്ദേശം.
കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ബി സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ അനിലാലിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
പുതുച്ചേരിയിൽ മദ്യത്തിന് വില കുറവായതിനാൽ ഇവ കേരളത്തിലെത്തിച്ച് ഉയർന്ന വിലയ്‌ക്ക് വിൽപന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം മദ്യം നൽകിയ മാനേജരെക്കുറിച്ചും കൊല്ലത്ത് മദ്യം വാങ്ങാനെത്തുന്ന ആളെക്കുറിച്ചും വരും ദിവസങ്ങളിൽ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് അറിയിച്ചു.
Most Read: ‘ഗവർണർ പദവി ആഡംബരം, ശ്രമിക്കുന്നത് മാദ്ധ്യമശ്രദ്ധ നേടാൻ’; കാനം രാജേന്ദ്രന്‍







































