മലപ്പുറം: കേരള-തമിഴ്നാട് അതിർത്തിയിലെ നാടുകാണി ചുരത്തിൽ ടെമ്പോ ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്. കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ പന്ത്രണ്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർ ഊട്ടിയിലേക്ക് വിനോദ യാത്ര പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അപകടം.
നാടുകാണി ചുരത്തിൽ ദേവാല പോലീസ് സ്റ്റേഷൻ പരിധിയിലാണ് ടെമ്പോ ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞത്. പരിക്കേറ്റ നാലുപേരെ നിലമ്പൂർ ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ ഗൂഡല്ലൂർ സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടേയും പരിക്ക് ഗുരുതരമല്ല.
വീതി കുറഞ്ഞ റോഡിൽ മറ്റൊരു വാഹനം എതിരെ വന്നപ്പോൾ അരിക് ചേർക്കുന്നതിനിടെ താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. അപകടം നടന്ന ഉടനെ പുറകിൽ വന്ന മറ്റു വാഹനങ്ങളിൽ ഉള്ളവർ പോലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പോലീസും ഫയർഫോഴ്സുമാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
Most Read: മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടി, ഷട്ടർ ഉയർത്തി; ജാഗ്രത







































