പാലക്കാട്: വടകരപ്പതി ഗ്രാമപഞ്ചായത്തിലെ ശാന്തിലിംഗ ക്ഷീര സംഘത്തിൽ വ്യാപക ക്രമക്കേട് നടന്നതായി റിപ്പോർട്. ക്ഷീരവികസന വകുപ്പ് നടത്തിയ അന്വേഷത്തിലാണ് സംഘത്തിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. അറുപത് ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഘം മുൻ സെക്രട്ടറി മഞ്ജുള ഭർതൃപിതാവിന്റെ പേരിലും കാലിത്തീറ്റ വിതരണത്തിലും ഗുരുതര ക്രമക്കേട് നടത്തിയെന്നാണ് റിപ്പോർട്ടിൽ ഉള്ളത്.
സെക്രട്ടറി ഭർതൃപിതാവിന്റെ പേരിൽ നടത്തിയ തിരിമറിയാണ് അന്വേഷത്തിൽ പ്രധാനമായി കണ്ടെത്തിയത്. തമിഴ്‌നാട്ടിൽ നിന്നും അതിർത്തി കടന്നെത്തുന്ന പാൽ ഭർതൃപിതാവായ കൃഷ്‌ണ സ്വാമിയുടെ പേരിലാണ് സംഘത്തിൽ അളന്നിരുന്നത്. ക്ഷീരവികസന വകുപ്പിന്റെ അന്വേഷണത്തിൽ കൃഷ്‌ണ സ്വാമി പശുവിനെ പോലും വളർത്തുന്നില്ലെന്ന് കണ്ടെത്തി. കാലിത്തീറ്റ വിതരണത്തിലും വൻ ക്രമക്കേടാണ് നടത്തിയിരിക്കുന്നത്. 65 ലക്ഷം രൂപയുടെ ക്രമക്കേട് പഴയ സെക്രട്ടറിയിൽ നിന്ന് ഈടാക്കണമെന്നാണ് റിപ്പോർട്ടിലുള്ളത്.
സെക്രട്ടറി നടത്തിയ ക്രമക്കേടിന് ക്ഷീരസംഘം ഭരണസമിതിക്കും പൂർണ ഉത്തരവാദിത്വമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, നിലവിലുള്ള ഭരണസമിതി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. ക്ഷീരസംഘത്തിന് നഷ്‌ടമായ പണം സെക്രട്ടറിയിൽ നിന്ന് ഈടാക്കാൻ നടപടി തുടങ്ങിയെന്നാണ് ഭരണസമിതി പറയുന്നത്. അതേസമയം, സസ്‌പെൻഷനിലായ സെക്രട്ടറി ക്ഷീരസംഘത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇപ്പോഴും ഇടപെടുന്നുണ്ടെന്ന് കർഷകർ പറയുന്നു. മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാതെയാണ് സെക്രട്ടറിയെ നിയമിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Most Read: മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടി, ഷട്ടർ ഉയർത്തി; ജാഗ്രത





































