പാലക്കാട്: വികസന പ്രവർത്തനങ്ങളിൽ ക്രമക്കേടും അഴിമതിയും നടന്നെന്ന കണ്ടെത്തലിനെ തുടർന്ന് ഒറ്റപ്പാലം സഹകരണ അർബൻ ബാങ്ക് പാർട്ടി ഫ്രാക്ഷൻ സെൽ കൺവീനറെ മാറ്റി. ലക്കിടി പഞ്ചായത്ത് പ്രസിഡണ്ട് കെ സുരേഷിനെയാണ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയത്. അർബൻ ബാങ്ക് വികസന പ്രവർത്തനങ്ങളിൽ അഴിമതിയും ക്രമക്കേടും നടന്നെന്ന പാർട്ടി കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പുതിയ കൺവീനറായി ജില്ലാ കമ്മിറ്റി അംഗവും സംസ്ഥാന പട്ടികജാതി-വർഗ കമ്മീഷൻ അംഗവുമായ എസ് അജയകുമാറിനെ നിയമിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായ സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ എം ഹംസ, കെ സുരേഷ് എന്നിവർക്കെതിരെ നേരത്തെ സിപിഎം ജില്ലാ കമ്മിറ്റി താക്കീത് നടപടി എടുത്തിരുന്നു.
ഇരുവർക്കുമെതിരെയുള്ള നടപടി ഒറ്റപ്പാലം ഏരിയ കമ്മിറ്റിയിൽ റിപ്പോർട് ചെയ്യാനും ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ബാങ്കിലെ ക്രമക്കേട് ബ്രാഞ്ച് മുതൽ ഏരിയ കമ്മിറ്റി സമ്മേളനത്തിൽ വരെ ചർച്ചയായിരുന്നു. ബാങ്ക് ഭരണസമിതി അംഗങ്ങൾ ജീവനക്കാരുടെയും സംഘടനാ നേതാക്കളുടെയും അടക്കം ക്രമക്കേട് സംബന്ധിച്ച് പാർട്ടി സംസ്ഥാന നേതൃത്വത്തിന് നൽകിയ പരാതിയിലാണ് അന്വേഷണ കമ്മീഷനെ നിയമിച്ചത്.
Most Read: മലപ്പുറത്ത് ഒമൈക്രോൺ സ്ഥിരീകരിച്ചു





































