ന്യൂ ഡെല്‍ഹി : ബോളിവുഡ് നടന്‍ വിശാല്‍ ആനന്ദ് അന്തരിച്ചു. ശാരീരിക അസ്വാസ്‌ഥ്യങ്ങള്‍ മൂലം ഏറെ നാളായി ചികില്‍സയിലായിരുന്നു. 82 വയസായിരുന്നു അദ്ദേഹത്തിന്. നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളില്‍ വിശാല്‍ എത്തിയിട്ടുണ്ട്. 1976 ല്‍ ഇറങ്ങിയ ചല്‍തേ ചല്‍തേ എന്ന സിനിമയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.
എഴുപതുകളില്‍ ഹിന്ദുസ്‌ഥാന്‍ കി കസം, ടാക്‌സി ഡ്രൈവര്‍ എന്നീ സിനിമകളില്‍ വേഷമിട്ടിരുന്നെങ്കിലും ചല്‍തേ ചല്‍തേ എന്ന സിനിമയിലെ വേഷമാണ് വിശാലിന് പ്രേക്ഷക മനസ്സില്‍ ഇടം നല്‍കിയത്. സിമി അഗര്‍വാള്‍ കേന്ദ്രകഥാപാത്രമാക്കി എത്തിയ സിനിമയായിരുന്നു ചല്‍തേ ചല്‍തേ. വിശാല്‍ ആനന്ദിന്റെ യഥാര്‍ഥ പേര് ബിഷം കോലി എന്നാണ്.
ചല്‍തേ ചല്‍തേ എന്ന സിനിമ നിര്‍മ്മിച്ചതും വിശാല്‍ ആനന്ദ് തന്നെയാണ്. സംഗീത സംവിധായകനായ ബാപ്പി ലഹരിക്ക് തന്റെ കരിയറിലെ ഏറ്റവും മികച്ച അവസരം ലഭിച്ച സിനിമ കൂടിയാണ് ചല്‍തേ ചല്‍തേ. ഹമാരാ അധികാര്‍, സരെഗമപ, ഇന്ത്‌സാര്‍, ദില്‍ സേ മിലേ ദില്‍, കസ്‌മാത്ത് എന്നിവയാണ് വിശാല്‍ പ്രധാന വേഷങ്ങളിലെത്തിയ മറ്റ് ചിത്രങ്ങള്‍.
Read also : ഹത്രസ്; പൊതു താല്‍പര്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും



































