താമരശ്ശേരി: കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോ കോഴിക്കോട് സോണിലെ ടൂറിസം ഹബ്ബായി മാറുന്നു. ഇതിനുള്ള നടപടികൾ നടന്നുവരുന്നതായാണ് സൂചന. വയനാട് ഭാഗത്തേക്കുള്ള ടൂർ സർവീസ് യാത്രക്കാർക്ക് താമരശ്ശേരി ഡിപ്പോയുടെ കീഴിൽ താമസ സൗകര്യം ഒരുക്കുക, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതൽ ടൂർ സർവീസുകൾ ആരംഭിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ടൂറിസം ഹബ്ബായി മാറുന്നതിലൂടെ കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോയുടെ വിപുലീകരണത്തിനും വഴിയൊരുങ്ങും. ഇതിന്റെ മുന്നോടിയായി ഡിപ്പോയിൽ നിന്ന് കൂടുതൽ ടൂർ സർവീസുകൾ ആരംഭിക്കാനും തീരുമാനമായി. താമരശ്ശേരി-മൂന്നാർ, താമരശ്ശേരി-നെല്ലിയാമ്പതി ടൂർ സർവീസുകളാണ് പുതുതായി തുടങ്ങുന്നത്. മൂന്നാർ സർവീസ് 15ന് രാവിലെ ഒമ്പതിന് ഡിപ്പോയിൽ നിന്ന് ആരംഭിച്ച് രാത്രി മൂന്നാറിൽ എത്തിച്ചേരും. പിറ്റേന്ന് വൈകിട്ടാണ് അവിടെ നിന്ന് തിരിച്ചുള്ള യാത്ര.
മൂന്നാർ സർവീസിന് ഒരാൾക്ക് 1750 രൂപയാണ് നിരക്ക്. ഭക്ഷണ ചിലവും വിവിധ സ്ഥലങ്ങളിൽ പ്രവേശന ഫീസും സ്വന്തമായി വഹിക്കണം. നെല്ലിയാമ്പതി സർവീസിൽ 1050 രൂപയാണ് നിരക്ക്. നെല്ലിയാമ്പതി ടൂർ സർവീസ് 16ന് പുലർച്ചെ നാലിന് താമരശ്ശേരി ഡിപ്പോയിൽ നിന്ന് പുറപ്പെടും. രാത്രി പത്തിന് ഡിപ്പോയിൽ തിരിച്ചെത്തും. ഡിപ്പോയിൽ നിന്ന് ആദ്യം ആരംഭിച്ച തുഷാരഗിരി, വയനാട് ടൂർ പാക്കേജ് വൻ വിജയമായി മാറിയിരുന്നു.
Most Read: ട്രാൻസ്ജെൻഡേഴ്സ് പോലീസ് സേനയിൽ; ശുപാർശ പിന്തുണച്ച് പോലീസ് അസോസിയേഷൻ



































