തിരുവനന്തപുരം: യോഗത്തിനിടെ ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധിച്ച കോൺഗ്രസ് അംഗത്തിന് സസ്‌പെൻഷൻ. തൊളിക്കോട് ഗ്രാമപഞ്ചായത്തിൽ നടന്ന യോഗത്തിനിടെയാണ് സംഭവം. വിദ്യാഭ്യാസ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ അൻസാർ തോട്ടുമുക്കിനെയാണ് പ്രമേയം പാസാക്കി സസ്‌പെൻഡ് ചെയ്‌തത്.
യോഗത്തിലെ മിനുട്സിൽ ചർച്ച ചെയ്യാത്ത തീരുമാനങ്ങൾ എഴുതി ചേർക്കുന്നുവെന്ന് കാണിച്ചായിരുന്നു സിപിഎം ഭരിക്കുന്ന പഞ്ചായത്തിലെ കോൺഗ്രസ് അംഗത്തിന്റെ പ്രതിഷേധം.
പ്രസിഡണ്ട് സംസാരിച്ച് കൊണ്ടിരിക്കെ ഡയസിൽ കയറിയ പ്രതിപക്ഷ അംഗങ്ങൾ കൊടികളുപയോഗിച്ച് ഡെസ്‌കിലടിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് അൻസാർ ദേഹത്ത് പെട്രോളൊഴിച്ചത്.
അതേസമയം കഴിഞ്ഞ ഒരു വർഷമായി യോഗങ്ങളുടെ മിനുട്സ് നൽകുന്നില്ലെന്നും യോഗത്തിലെടുക്കാത്ത തീരുമാനങ്ങൾ മിനുട്സിൽ എഴുതിചേർക്കുന്നുവെന്നും പ്രതിപക്ഷ അംഗങ്ങൾ പറയുന്നു. ഫണ്ട് സംബന്ധിച്ച വിവരങ്ങൾ പോലും നൽകാറില്ലെന്നും വിവരാവകാശ അപേക്ഷകളടക്കം തള്ളുന്ന നിലയാണെന്നും കോൺഗ്രസ് അംഗങ്ങൾ പരാതിപ്പെട്ടു.
Most Read: കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം പ്രാബല്യത്തിൽ







































