കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്‌താരം പൂർത്തിയാക്കാൻ സമയം നീട്ടി നൽകി ഹൈക്കോടതി. 10 ദിവസം കൂടി അധികമായി കോടതി അനുവദിച്ചു. പുതിയ സാക്ഷികളുടെ വിസ്‌താരത്തിന് കൂടുതൽ ദിവസം അനുവദിക്കണമെന്ന സർക്കാർ അപേക്ഷയിലാണ് കോടതി ഉത്തരവ്. അഞ്ച് സാക്ഷികളിൽ മൂന്ന് പേരുടെ വിസ്‌താരം പൂർത്തിയാക്കിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
പുതിയ അഞ്ച് സാക്ഷികളെ 10 ദിവസത്തിനുള്ളിൽ വിസ്‌തരിക്കണം എന്നായിരുന്നു കഴിഞ്ഞയാഴ്‌ച കോടതി ഉത്തരവിട്ടിരുന്നത്. എന്നാൽ ഇതിൽ ചില സാക്ഷികൾ കോവിഡ് ബാധിച്ച് ചികിൽസയിലാണെന്നും അതിനാൽ കൂടുതൽ സമയം വേണമെന്നുമാണ് സർക്കാർ ആവശ്യപ്പെട്ടത്.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ഇന്ന് പരിഗണിക്കാനിരുന്ന ഹരജികൾ വെള്ളിയാഴ്‌ചത്തേക്ക് മാറ്റി. കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനായ ഡിവൈഎസ്‌പി ബൈജു പൗലോസിനെതിരെയുള്ള ദിലീപിന്റെ കോടതി അലക്ഷ്യ ഹരജിയാണ് മാറ്റിവച്ചവയിലൊന്ന്.
കോടതി വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്‌ഥൻ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്നും ഇത് വിചാരണ കോടതിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയും വെള്ളിയാഴ്‌ചയാണ് പരിഗണിക്കുക. ഹൈക്കോടതി അനുവദിച്ച അഞ്ച് സാക്ഷികളിൽ ഒരാളെ വിചാരണ കോടതി ഇന്ന് വിസ്‌തരിച്ചു.
Most Read: ലോകായുക്‌തയെ നിർവീര്യമാക്കൽ; ഓര്‍ഡിനന്‍സ് ഗവര്‍ണർക്ക് മുന്നിൽ










































