പാലക്കാട്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കിയത് ജില്ലയിലെ വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിലവിൽ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടാകുന്നത്. ഇതോടെ ടൂറിസം മേഖലയെ മാത്രം ആശ്രയിച്ചു കഴിയുന്ന ആളുകളുടെ ജീവിതം ദുരിതത്തിലാകുകയാണ്.
കഴിഞ്ഞ മാസങ്ങളിൽ ദിവസേന പതിനായിരത്തോളം ആളുകൾ എത്തിയിരുന്ന മലമ്പുഴ ഡാമിൽ നിലവിൽ എത്തുന്നത് ആയിരത്തോളം ആളുകൾ മാത്രമാണ്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് മലമ്പുഴ ഡാം. ഇവിടെ ക്രിസ്മസ് പിറ്റേന്ന് പതിനയ്യായിരത്തിൽ കൂടുതൽ ആളുകൾ എത്തിയിരുന്നു. കൂടാതെ 4 ലക്ഷത്തിലധികം രൂപയുടെ വരുമാനവും ഉണ്ടായി. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയതോടെയാണ് സഞ്ചാരികളുടെ എണ്ണത്തിൽ ഇത്രയധികം കുറവുണ്ടായത്.
ഒരു സമയം 50 പേർക്ക് മാത്രമാണ് നിലവിൽ ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കുന്നത്. ജില്ലാ ഭരണകൂടം ഇക്കാര്യത്തിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനാൽ തന്നെ നിലവിൽ അൻപതിനായിരത്തോളം രൂപ മാത്രമാണ് വരുമാനമായി ലഭിക്കുന്നത്. ജില്ലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളായ നെല്ലിയാമ്പതിയിലും, പറമ്പികുളത്തും, സൈലന്റ് വാലിയിലുമൊക്ക സ്ഥിതി വ്യത്യസ്തമല്ല. കോവിഡ് വ്യാപനം ഇനിയും ഉയർന്നാൽ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവർത്തനം പൂർണമായും നിലക്കുമോയെന്ന ആശങ്കയിലാണ് ഇപ്പോൾ ടൂറിസം മേഖല.
Read also: തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി







































