– കവിത – സംഗീത കിരോഷ്
ഇലയറ്റ്
ഇതളറ്റ്
ഒരു മരം തനിയെ….
ഇരുളിലലിയാതെ
വെയിലിലുരുകാതെ
ഒരുപിടിയോർമ്മ തൻ വേരിളകാതെ…
വരുമൊരാളീ,വഴി,
യെന്നോർത്തു നോവിന്റെ
ഉരുൾപൊട്ടിയൊഴുകിലും
കടപുഴകാതെ…
കല്ലായ കനവുകൾ കൂട്ടിയുരച്ചു തീ കൂട്ടുന്ന കാറ്റിനോടൊന്നും
പറയാതെ
പ്രാകാതെ
ഒരു മരം തനിയെ….
ഇണയറ്റ്…
ഇനമറ്റ്….
പെരുമഴക്കാലം താണ്ടി സ്നേഹത്തിന്റെ സൂര്യനുദിച്ചുയുരുന്നതും കാത്ത്
ഒഴിഞ്ഞ ചില്ലകൾ ചിറകുകളാക്കി
ഒരു മരം തനിയെ
ധ്യാനമായ്!
(കടപ്പാട് : പുഴ.കോം)




































