കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. അന്വേഷണത്തിൽ സംഭവിച്ച പാളിച്ചകൾ മറച്ച് വെക്കാനാണ് തുടരന്വേഷണം നടത്തുന്നത് എന്നാണ് ദിലീപിന്റെ വാദം. വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നും ദിലീപ് ഹൈക്കോടതിയെ അറിയിച്ചു.
വിചാരണ കോടതിയുടെ അനുമതി ലഭിക്കും മുൻപ് തുടരന്വേഷണം ആരംഭിച്ചെന്നും ദിലീപ് പറയുന്നു. കേസിൽ വിശദീകരണം നൽകാൻ കൂടുതൽ സാവകാശം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടർന്ന് ഹരജി പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്‌ചത്തേക്ക് മാറ്റി.
അതേസമയം, സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളുടെ അടിസ്‌ഥാനത്തിൽ ക്രൈംബ്രാഞ്ച് ദിലീപ് ഉൾപ്പടെയുള്ളവർക്ക് എതിരായി എടുത്ത ഗൂഢാലോചന കേസിൽ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ദിലീപിനും കേസിലെ മറ്റ് അഞ്ചു പ്രതികള്‍ക്കും ഉപാധികളോടെയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജസ്‌റ്റിസ് പി ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെ തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് ദിലീപ് അടക്കം ആറ് പേരെ പ്രതിയാക്കി കേസ് എടുത്തത്. കേസില്‍ ദിലീപ് ആയിരുന്നു ഒന്നാം പ്രതി. സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടിഎന്‍ സുരാജ്, ഡ്രൈവര്‍ അപ്പുവെന്ന കൃഷ്‌ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരാണ് മറ്റുപ്രതികൾ.
Most Read: ലോകായുക്‌തക്ക് കൂച്ചുവിലങ്ങ്; ഗവർണർ ഒപ്പിട്ടു, ഓർഡിനൻസ് നിലവിൽ







































