തൃശൂർ: ജില്ലയിലെ അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തിൽ 3 പേർക്ക് പരിക്കേറ്റു. രമേഷ്(48), ഭാര്യ ഷൈനി(38), മകന്‍ മൃദുഷ്(6) എന്നിവർക്കാണ് പരിക്കേറ്റത്. അതിരപ്പിള്ളി പുളിയിലപ്പാറ ജനവാസ മേഖലയില്‍ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ കാട്ടാന ആക്രമിക്കുകയായിരുന്നു.
കഴിഞ്ഞ ഒരാഴ്‌ചക്കിടെ അതിരപ്പിള്ളിയിൽ ഉണ്ടാകുന്ന രണ്ടാമത്തെ കാട്ടാന ആക്രമണമാണിത്. കഴിഞ്ഞ ദിവസമാണ് അതിരപ്പിള്ളിക്ക് സമീപം കണ്ണക്കുഴിയിൽ ഒറ്റയാന്റെ ആക്രമണത്തെ തുടർന്ന് 5 വയസുകാരി കൊല്ലപ്പെട്ടത്. പുത്തന്‍ചിറ സ്വദേശി കാച്ചാട്ടില്‍ നിഖിലിന്റെ മകള്‍ ആഗ്‌നിമിയയാണ് മരിച്ചത്. പിതാവിനും അപ്പൂപ്പനും ഒപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പിതാവിനും അപ്പൂപ്പനും പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
അതിരപ്പിള്ളിയിലെ ജനവാസ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നത് തുടർച്ചയാകുകയാണ്. കാട്ടാന ആക്രമണത്തിൽ 5 വയസുകാരി കൊല്ലപ്പെട്ടതിന് പിന്നാലെ ശക്‌തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു.
Read also: ബാബുവിന്റെ ആരോഗ്യനില തൃപ്‌തികരം, നിരീക്ഷണത്തിൽ തുടരും; ഡിഎംഒ







































