കണ്ണൂർ: മൃഗസംരക്ഷണ വകുപ്പിന്റെ ടെലി വെറ്ററിനറി യൂണിറ്റ് അടുത്ത ആഴ്ചയോടെ പ്രവർത്തനം ആരംഭിക്കും. വളർത്ത് മൃഗങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് ഈ സംവിധാനത്തിന് തുടക്കമിട്ടത്. എന്നാൽ, ടെലി മെഡിസിൻ യൂണിറ്റ് വാഹനം എത്തിയിട്ട് 6 മാസമായെങ്കിലും പ്രവർത്തനം തുടങ്ങിയിരുന്നില്ല.
ജീവനക്കാരെ നിയമിക്കാൻ കാലതാമസം നേരിട്ടതായിരുന്നു കാരണം. ഇപ്പോൾ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി യൂണിറ്റിലേക്ക് ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. രോഗം ബാധിച്ച വളർത്തുമൃഗങ്ങളെ ചികിൽസാ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാനുള്ള വാഹനങ്ങളുടെ അഭാവം ഏറെ പ്രതിസന്ധിയായിരുന്നു. കൃത്യമായ രോഗ നിർണയത്തിനുള്ള ഉപകരണങ്ങളുടെ കുറവും ഉണ്ടായിരുന്നു. ഈ പ്രതിസന്ധിയെല്ലാം പരിഹരിക്കാൻ ടെലി മെഡിസിൻ യൂണിറ്റിലൂടെ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. അതത് ഇടങ്ങളിലെ വെറ്ററിനറി ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ചാണ് യൂണിറ്റിന്റെ സേവനം ലഭിക്കുക.
എക്സ് റേ മെഷീൻ, ലബോറട്ടറി സൗകര്യം തുടങ്ങി ആധുനിക ഉപകരണങ്ങളെല്ലാം യൂണിറ്റിലുണ്ട്. കിടപ്പിലായ മൃഗങ്ങളെ ഉയർത്താനുള്ള സജീകരണവും ഇതിലുണ്ട്. ഡോക്ടർ, എക്സ് റേ ടെക്നീഷ്യൻ, ഡ്രൈവർ കം അറ്റൻഡർ എന്നിവരാണ് യൂണിറ്റിലുണ്ടാകുക. വാഹനം വീടുകളിലെത്തി മൃഗങ്ങൾക്ക് ചികിൽസ നൽകും. ഇതിനായി വാഹനം ആവശ്യപ്പെടേണ്ടത് അതാത് സ്ഥലങ്ങളിലെ മൃഗാശുപത്രികൾ വഴിയാണ്.
Also Read: അനുമതി കൂടാതെയുള്ള ട്രക്കിംഗ്; നിരോധനം ഏർപ്പെടുത്തി ഇടുക്കി





































