മലപ്പുറം : ജില്ലയിലെ രണ്ടാമത്തെ കോവിഡ് ആശുപത്രിയായി ജില്ലാ ആശുപത്രിയിലെ മാതൃ ശിശു ബ്ളോക്ക് പ്രവര്‍ത്തനം ആരംഭിച്ചു. പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും മതിയായ ജീവനക്കാരോ സൗകര്യങ്ങളോ ഇവിടെയില്ല. കോവിഡ് ആശുപത്രിയാക്കി മാറ്റിയെങ്കിലെയും മൊബൈല്‍ ആംബുലന്‍സോ, ഐസിയുവോ, ഐസിയു കിടക്കയോ ഓക്‌സിജന്‍ പ്ളാന്റോ ഒന്നും തന്നെ രോഗികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടില്ല. ഇത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ കാര്യമായി തന്നെ ബാധിച്ചിരിക്കുകയാണ്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് ആശുപത്രിയില്‍ മതിയായ ജീവനക്കാര്‍ ഇല്ലെന്നും അതിന് ഉടന്‍ തന്നെ പരിഹാരം കാണണമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. ഇപ്പോള്‍ തന്നെ 50 ഓളം രോഗികള്‍ ചികില്‍സയിലുള്ള ഇവിടെ അടിയന്തിരമായി 2 ഡോക്‌ടർമാര്‍ കൂടി വേണം. നിലവില്‍ 8 ഡോക്‌ടർമാരാണ് ഇവിടെ ഉള്ളത്. കൂടാതെ കുറഞ്ഞത് 4 ഹെഡ് നഴ്‌സുമാര്‍ എങ്കിലും വേണ്ടിടത്ത് ഒരാളെ പോലും ഇതുവരെ നിയമിച്ചിട്ടില്ല. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ട്രൂനാറ്റ് ഉള്‍പ്പെടെ പരിശോധിക്കുന്ന ലാബില്‍ ആകെ ജീവനക്കാര്‍ 2 പേരാണ്. 32 സ്‌റ്റാഫ് നഴ്‌സുമാര്‍ എങ്കിലും വേണ്ട ആശുപത്രിയില്‍ നിലവില്‍ നിയമിതരായിട്ടുള്ളത് 24 നഴ്‌സുമാര്‍ മാത്രമാണ്.
ഇത്തരത്തില്‍ ആശുപത്രിയുടെ എല്ലാ വിഭാഗങ്ങളിലും മതിയായ ജീവനക്കാരെ ഇതുവരെ നിയമിച്ചിട്ടില്ല. ആവശ്യത്തിന് നഴ്‌സുമാരോ ടെക്നീഷ്യന്മാരോ ഇല്ലാത്ത അവസ്‌ഥയില്‍ ചികില്‍സക്കെത്തുന്ന രോഗികള്‍ക്ക് മതിയായ ചികില്‍സ നൽകാന്‍ കഴിയാത്ത അവസ്‌ഥയിലാണ് ആശുപത്രി അധികൃതര്‍. ജീവനക്കാരുടെ അഭാവം ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് തടസമാണെന്ന് ചൂണ്ടിക്കാട്ടി, ഉടന്‍ തന്നെ മതിയായ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ജില്ലാ ആശുപത്രി അധികൃതര്‍ ഉന്നത ഉദ്യോഗസ്‌ഥര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
Read also : ആത്‌മഹത്യക്ക് ശ്രമിച്ച എസ് ഐ മരിച്ചു







































