ന്യൂഡെൽഹി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി സാധ്യതകൾ പരിശോധിച്ച് ഇന്ത്യ. യുക്രൈന്റെ 4 അയൽ രാജ്യങ്ങൾ വഴി കുടുങ്ങിയ ആളുകളെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ നടക്കുന്നത്. പോളണ്ട്, ഹംഗറി, റുമാനിയ, സ്ളോവാക്യ എന്നീ രാജ്യങ്ങൾ വഴിയാണ് യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ആലോചിക്കുന്നത്.
ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സുരക്ഷാകാര്യ മന്ത്രിതല സമിതി യോഗം ചേർന്നു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നിർമല സീതാരാമൻ, എസ് ജയശങ്കർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഈ 4 രാജ്യങ്ങളിലേക്ക് റോഡ് മാർഗം എത്തിച്ചതിന് ശേഷം വിമാന മാർഗം ഇന്ത്യയിലേക്ക് കൊണ്ട് വരാനുള്ള നീക്കമാണ് നിലവിൽ നടക്കുന്നത്.
ഇതിനായി യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിത്രൊ കുലേബയുമായും, പോളണ്ട്, ഹംഗറി, സ്ളോവാക്യ, റുമാനിയ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചർച്ച നടത്തി. രക്ഷാദൗത്യത്തിനായി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ ഈ രാജ്യങ്ങളിലെത്തുകയും, അയൽ രാജ്യങ്ങളിലേക്ക് സുരക്ഷിതമായി എത്താനുള്ള വഴികൾ കണ്ടെത്തുകയും ചെയ്തു.
കൂടാതെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി വ്യോമസേനാ വിമാനങ്ങൾ ഉപയോഗിക്കുന്നതും പരിഗണനയിലുണ്ട്. യുക്രൈനിലെ വ്യോമപാത തുറന്നാലുടൻ സേനാ വിമാനങ്ങൾ അവിടേക്ക് അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 18,000ത്തോളം ഇന്ത്യക്കാരാണ് നിലവിൽ യുക്രൈനിൽ കുടുങ്ങി കിടക്കുന്നത്. നിലവിൽ റഷ്യ യുക്രൈനിൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇവരെ എത്രയും പെട്ടെന്ന് തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
Read also: യുക്രൈനിൽ ഇതുവരെ 203 ആക്രമണങ്ങൾ; ചെർണോബിൽ മേഖല റഷ്യൻ നിയന്ത്രണത്തിൽ