ന്യൂഡെൽഹി: യുക്രൈനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന രക്ഷാദൗത്യം വിലയിരുത്തുന്നതിനായി ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദൗത്യത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്. കൂടാതെ യുക്രൈനിൽ കുടുങ്ങി കിടക്കുന്ന വിദ്യാർഥികളുടെ സ്‌ഥിതി കൂടുതൽ ദുരിതത്തിലാകുകയാണെന്ന വാർത്തകളും നിലവിൽ പുറത്തു വരുന്നുണ്ട്.
യുക്രൈനിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി നവീൻ കൊല്ലപ്പെട്ടതിന് പിന്നാലെ കേന്ദ്രത്തിന്റെ രക്ഷാദൗത്യത്തിനെതിരെ വലിയ രീതിയിൽ വിമർശനം ഉയരുന്നുണ്ട്. രക്ഷാദൗത്യത്തിനായി സർക്കാരിന് വ്യക്‌തമായ പദ്ധതിയില്ലെന്നും, മോദി സർക്കാർ യുവാക്കളെ ഉപേക്ഷിച്ചെന്നും കോൺഗ്രസ് ആരോപിച്ചു. കൂടാതെ ഓരോ മിനിറ്റും വിലപ്പെട്ടതാണെന്നും, വിദ്യാർഥികളെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സർക്കാരിന് വ്യക്‌തമായ പദ്ധതി വേണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
ബിജെപി എംപി വരുൺ ഗാന്ധിയും ഇന്നലെ കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഉചിതമായ സമയത്ത് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടായില്ലെന്നാണ് വരുൺ ഗാന്ധി ആരോപണം ഉന്നയിച്ചത്. യുക്രൈനിൽ പതിനയ്യായിരത്തിൽ അധികം ആളുകൾ ഇപ്പോഴും കുടുങ്ങി കിടക്കുന്ന സാഹചര്യത്തിൽ അവസരം മുതലെടുക്കാനല്ല സർക്കാർ ശ്രമിക്കേണ്ടതെന്നും വരുൺ ഗാന്ധി കൂട്ടിച്ചേർത്തു.
അതേസമയം യുക്രൈനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം. ഇതിന്റെ ഭാഗമായി ഓപ്പറേഷൻ ഗംഗയിൽ വ്യോമസേനയുടെ വിമാനങ്ങളും പങ്കെടുക്കും. ഇന്ത്യൻ വ്യോമസേനയുടെ സി17 വിമാനങ്ങളാവും ദൗത്യത്തിനായി ഉപയോഗിക്കുക.
Read also: റഷ്യൻ ഷെല്ലാക്രമണം; നവീനിന്റെ വേർപാടിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി








































