കണ്ണൂർ: റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിർത്തിയിട്ട താർ ജീപ്പിൽനിന്നും ഒപ്പിട്ട ട്രഷറി ചെക്ക് മോഷ്‌ടിച്ച് പണം തട്ടിയ സംഘത്തിലെ രണ്ട് പേർ പിടിയിൽ. ഒളിവിൽ പോയ മൂന്നാമനായി തിരച്ചിൽ ഊർജിതമാക്കി. ഇരിക്കൂർ സ്വദേശി റംഷാദിന്റെ ജീപ്പിൽ നിന്നാണ് ചെക്ക് മോഷ്‌ടിച്ചു പണം തട്ടിയെടുത്തത്.
കഴിഞ്ഞ മാസമാണ് റംഷാദ് കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ വാഹനം പാർക്ക് ചെയ്‌ത് എറണാകുളത്തേക്ക് യാത്ര തിരിച്ചത്. ട്രഷറിയിൽ നിന്ന് പണമെടുക്കാനായി മാതാവ് ഒപ്പിട്ട ഒരു ചെക്കും അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നു. എന്നാൽ തിരിച്ചെത്തി വണ്ടിയിൽ എത്തിയപ്പോൾ ചെക്ക് അപ്രത്യക്ഷമായിരുന്നു.
എവിടെയെങ്കിലും മറന്ന് വച്ചതാണെന്ന് കരുതി മറ്റൊരു ചെക്കുമായി മട്ടന്നൂർ ട്രഷറിയിലെത്തി. എന്നാൽ നേരത്തെ തന്നെ പയ്യന്നൂർ ട്രഷറിയിൽ നിന്ന് ആരോ ചെക്ക് മാറിയിരുന്നു എന്നാണ് റംഷാദിന് കിട്ടിയ മറുപടി.
പിന്നാലെ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പയ്യന്നൂർ ട്രഷറിയിൽ നിന്ന് പണം വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രതികളെ പിടികൂടുന്നതിന് സഹായകമായി. മോഷണ സംഘത്തിൽ മൂന്നുപേരുണ്ട്. ഒളിവിൽ പോയ മൂന്നാമനായി തിരച്ചിൽ ശക്‌തമാക്കിയതായി പോലീസ് പറഞ്ഞു.
Most Read: മികച്ച വാക്‌സിനേറ്റർ; രണ്ട് ആരോഗ്യ പ്രവർത്തകർക്ക് ദേശീയ പുരസ്‌കാരം




































