മുംബൈ: പേമാരിയുടെ ദുരന്ത വാർത്തകൾ മാത്രമെത്തുന്ന ഈ ദിവസങ്ങളിൽ മുംബൈയിൽ നിന്ന് നന്മയുടെ ഒരു വാർത്തയും പുറത്തുവരുന്നു. മുംബൈയിൽ വെള്ളം നിറഞ്ഞ റോഡിന് നടുവിൽ നിന്ന് യാത്രക്കാർക്ക് മാർഗനിർദ്ദേശങ്ങൾ കൊടുക്കുന്ന സ്ത്രീയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.
മുംബൈയിലെ മാട്ടുംഗ വെസ്റ്റിലെ തുളസി പൈപ്പ് റോഡിൽ നിന്നുമുള്ള ഒരു വീഡിയോയിലാണ് വെള്ളം നിറഞ്ഞ റോഡിന് നടുവിൽ നിന്ന് വാഹങ്ങൾക്ക് സ്ത്രീ മുന്നറിയിപ്പ് നൽകുന്നത്.
റോഡിലെ മാൻഹോൾ തുറന്നു കിടക്കുകയാണെന്ന് വാഹനങ്ങൾ വരുമ്പോൾ കൈ വീശി കാണിച്ചാണ് ഇവർ അറിയിക്കുന്നത്. ഏകദേശം 5 മണിക്കൂറോളമാണ് വെള്ളം നിറഞ്ഞ റോഡിൽ നിന്ന് അവരത് ചെയ്തത്. അതേസമയം ഇവരുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ല.
അതുവഴി പോകുന്നവർ അപകടത്തിൽപ്പെടരുതെന്ന ചിന്തയോടെ മണിക്കൂറുകളോളം വെള്ളത്തിൽ നിന്ന് വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ സ്ത്രീ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗം ആയതോടെ അഭിനന്ദന പ്രവാഹമാണ്. ഈ ദുരന്ത കാലത്ത് പുറത്തേക്കിറങ്ങുവാൻ പോലും ആളുകൾ മടിക്കുന്ന സമയത്താണ് നിസ്വാർത്ഥതയുടെ ഇത്തരം കാഴ്ചകൾ ആളുകളിൽ നന്മ നിറക്കുന്നത്.







































