തൃശൂർ: കോളേജ് വിദ്യാർഥിനി ബസ് ഇടിച്ച് മരിച്ചതിന് പിന്നാലെ ബസ് സ്‌റ്റാന്റ് ഉപരോധിച്ച് സഹപാഠികൾ. ഇരിങ്ങാലക്കുട നഗരസഭാ ബസ് സ്‌റ്റാന്റാണ് സെന്റ് ജോസഫ് കോളേജ് വിദ്യാർഥിനികൾ ഉപരോധിച്ചത്. കൊടുങ്ങല്ലൂർ- തൃശൂർ റോഡിൽ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥിനി ബസ് ഇടിച്ചതിനെ തുടർന്നാണ് മരണപ്പെട്ടത്. പിന്നാലെ സഹപാഠികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
കോളേജിലെ അവസാനവർഷ ബികോം വിദ്യാർഥിനിയായ ലയ ഡേവിഡാണ് മരിച്ചത്. കോളേജിലെ യാത്രയയപ്പു പരിപാടിയിൽ പങ്കെടുക്കാൻ അച്ഛനൊപ്പം സ്‌കൂട്ടറിൽ വരുന്നതിനിടെ കരുവന്നൂർ ചെറിയ പാലത്തിനു സമീപത്ത് വച്ച് സ്‌കൂട്ടറിൽ ബസ് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ലയയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം ബസ് സ്‌റ്റാന്റിന്റെ പ്രധാന കവാടം തടഞ്ഞായിരുന്നു വിദ്യാർഥിനികളുടെ പ്രതിഷേധം. ബസുകളുടെ മൽസരയോട്ടം കാരണമാണ് ജീവൻ പൊലിഞ്ഞതെന്നും ഇനി ഒരു ജീവൻ പോലും നിരത്തിൽ ഇല്ലാതാകരുതെന്നും ഇവർ പറഞ്ഞു. ജീവൻ കളയുന്ന മൽസരയോട്ടം വേണ്ടെന്നും റോഡിൽ പൊലിയാനുള്ളതല്ല ജീവനെന്നും മുദ്രാവാക്യം മുഴക്കി കൊണ്ടായിരുന്നു വിദ്യാർഥിനികളുടെ പ്രതിഷേധം. സ്‌റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസുകളിൽ കയറി ഇവർ ബോധവൽക്കരണവും നടത്തി.
Most Read: നാളെ ഉച്ചക്ക് രണ്ടിനകം തൽസ്‌ഥിതി റിപ്പോർട് സമർപ്പിക്കണം; ബംഗാളിനോട് കൊൽക്കത്ത ഹൈക്കോടതി







































