എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെ അന്വേഷണ സംഘം നാളെ ചോദ്യം ചെയ്യും. ആലുവ പോലീസ് ക്ളബ്ബിൽ നാളെ രാവിലെ 11 മണിയോടെ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി നേരത്തെയും ഇരുവർക്കും നോട്ടീസ് അയച്ചിരുന്നെങ്കിലും ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
നിലവിൽ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ സുരാജ് നൽകുന്ന മൊഴികൾ നിർണായകമാകും. അതേസമയം കേസുമായി ബന്ധപ്പെട്ട് കാവ്യയുടെ ചോദ്യം ചെയ്യൽ നീട്ടിവെക്കാനുള്ള നിയമോപദേശമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. കൂടാതെ ഇന്ന് ഉച്ചക്ക് 2 മണിക്ക് സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.
കേസിലെ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോർട് ഇന്ന് അന്വേഷണ സംഘം വിചാരണ കോടതിയിൽ സമർപ്പിക്കും. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കി ഏപ്രിൽ 15ന് റിപ്പോർട് സമർപ്പിക്കണമെന്നാണ് നേരത്തെ ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ തുടരന്വേഷണം പൂർത്തിയാക്കാൻ 3 മാസത്തെ സമയം കൂടി അനുവദിക്കണമെന്ന ആവശ്യവുമായി അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
Read also: നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ പുരോഗതി റിപ്പോർട് ഇന്ന് കോടതിയിൽ സമർപ്പിക്കും







































