എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടക്കുന്ന തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോർട് ഇന്ന് കോടതിക്ക് കൈമാറും. വിചാരണ കോടതിയിലാണ് അന്വേഷണ സംഘം റിപ്പോർട് സമർപ്പിക്കുക. കൂടാതെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് കൈമാറിയെന്ന പരാതിയിൽ എഡിജിപിയും ഇന്ന് കോടതിയിൽ വിശദീകരണം നല്‍കും.
ഏപ്രിൽ 15ആം തീയതിക്ക് മുൻപായി തുടരന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി അന്വേഷണ സംഘത്തിന് നൽകിയ നിർദ്ദേശം. തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജി പരിഗണിച്ചപ്പോഴാണ് കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്. എന്നാൽ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ അന്വേഷണത്തിന് 3 മാസത്തെ സമയം കൂടി അനുവദിക്കണമെന്ന ആവശ്യവുമായി അന്വേഷണ സംഘം കോടതിയെ സമീപിച്ചിട്ടുണ്ട്.
അതേസമയം സൈബര്‍ വിദഗ്‌ധന്‍ സായ് ശങ്കറിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. വധ ഗൂഡാലോചന കേസിലെ 7 ആം പ്രതിയായ സായ് ശങ്കര്‍ നിലവില്‍ ജാമ്യത്തിലാണ്.
Read also: തൊടുപുഴ പീഡനക്കേസ്; പ്രതികളുടെ കസ്‌റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും