തൃശൂർ: കെഎസ്‌ആർടിസി തിരുവനന്തപുരം- ബെംഗളൂരു സ്‌കാനിയ ബസ് തകരാറിലായതിനെ തുടർന്ന് യാത്രക്കാർ തൃശൂരിൽ കുടുങ്ങി. സ്‌ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരാണ് ഇന്നലെ രാത്രി മുതൽ തൃശൂരിൽ കുടുങ്ങിയത്. വെള്ളിയാഴ്‌ച പുലർച്ചെ ബെംഗളൂരുവിൽ എത്തേണ്ട ബസ് രാവിലെയാണ് തൃശൂരിൽ നിന്ന് പുറപ്പെടുന്നത്.
യാത്രക്കാരുടെ പ്രതിഷേധം ശക്‌തമായതിനെ തുടർന്ന് അധികൃതർ സ്‌കാനിയക്ക് പകരം എസി ലോ ഫ്‌ളോർ ബസിൽ യാത്രക്കാരെ കയറ്റി വിടുകയായിരുന്നു. ബസ് തൃശൂരിൽ എത്തിയപ്പോൾ എസി തകരാറിലായതാണ് യാത്ര മുടങ്ങാൻ കാരണമായത്. യാത്ര തുടരാൻ പുതിയ സ്‌കാനിയ ബസ് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ മാത്രമേയുള്ളൂ എന്നായിരുന്നു അധികൃതരുടെ മറുപടി.
പുലർച്ചെ മൂന്നരയായതിനാൽ ഇവിടങ്ങളിൽ നിന്ന് മറ്റൊരു ബസ് എത്തിക്കാനാകില്ലെന്നും ഇവർ യാത്രക്കാരെ അറിയിച്ചു. തുടർന്ന് രാവിലെ ആറ് മണിവരെ യാത്രക്കാർക്ക് തൃശൂരിൽ തുടരേണ്ടി വന്നു. എസി ലോ ഫ്‌ളോറിൽ യാത്രക്കാരെ കോഴിക്കോട്ടേക്ക് എത്തിച്ച ശേഷം ഇവിടെ നിന്ന് സ്‌കാനിയയിൽ ബെംഗളൂരുവിലേക്ക് പോകാമെന്നാണ് നിലവിൽ കെഎസ്‌ആർടിസി പറയുന്നത്.
വെള്ളിയാഴ്‌ച പുലർച്ചെ ബെംഗളൂരുവിൽ എത്തേണ്ട ബസ് ശനിയാഴ്‌ചയും ബെംഗളൂരുവിൽ എത്തുമോ എന്നാണ് യാത്രക്കാരുടെ ആശങ്ക. ബസിൽ മുഴുവൻ സീറ്റിലും യാത്രക്കാരുണ്ടായിരുന്നു. അത്യാവശ്യക്കാരായ ചിലർ പ്രൈവറ്റ് ബസുകളിൽ ബെംഗളൂരുവിലേക്ക് തിരിച്ചു.
Most Read: ശ്രീനിവാസൻ കൊലക്കേസ്; രണ്ടുപേർ കൂടി പിടിയിൽ, അറസ്‌റ്റ് ഉടൻ







































