ലക്നൗ: ഉത്തർപ്രദേശിൽ ഒരു കുടുംബത്തിലെ 5 പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രയാഗ്രാജ് ജില്ലയിലാണ് സംഭവം. രണ്ട് വയസുള്ള കുട്ടി ഉൾപ്പടെയാണ് 5 പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. റാംകുമാർ യാദവ്(55), ഭാര്യ കുസും ദേവി(52), മകൾ മനീഷ(25), മരുമകൾ സവിത(27), പേരക്കുട്ടി മീനാക്ഷി(2) എന്നിവരാണ് മരിച്ചത്. മറ്റൊരു പേരക്കുട്ടി രക്ഷപെടുകയും ചെയ്തിട്ടുണ്ട്.
കൂടാതെ റാംകുമാറിന്റെ മകൻ സുനിൽ(30) സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല. 5 പേരുടെയും തലയ്ക്ക് ശക്തമായ അടിയേറ്റിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ശനിയാഴ്ച രാവിലെയോടെ വീട്ടിൽ നിന്നും തീ ഉയരുന്നത് കണ്ട നാട്ടുകാർ പോലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
സവിതയും മകൾ മീനാക്ഷിയും കിടന്നിരുന്ന മുറിയിലാണ് തീപിടിത്തമുണ്ടായത്. മൃതദേഹങ്ങൾ നിലവിൽ പോസ്റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണ്. കൂടാതെ അന്വേഷണത്തിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായും പോലീസ് വ്യക്തമാക്കി. ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തു.
Read also: മലപ്പുറത്ത് കുടുംബ കോടതി കെട്ടിടത്തിന് ഒടുവിൽ ഭരണാനുമതി



































