കണ്ണൂർ: ഹരിദാസന്‍ വധക്കേസില്‍ രേഷ്‌മ പ്രതി നിജില്‍ ദാസിനെ സഹായിച്ചതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. രേഷ്‌മ മകളുടെ സിം കാര്‍ഡ് നിജില്‍ ദാസിന് നല്‍കിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഒളിവില്‍ കഴിയുമ്പോള്‍ ഈ സിം കാര്‍ഡാണ് നിജില്‍ ദാസ് ഉപയോഗിച്ചത്.
ഈ സിം കാര്‍ഡ് ഉപയോഗിച്ച് നിജില്‍ ദാസ് പല തവണ തന്റെ ഭാര്യയെ വിളിച്ചിരുന്നു. നിജില്‍ ദാസിന്റെയും രേഷ്‌മയുടെയും മൊബൈല്‍ ഫോണുകള്‍ പോലീസ് കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്.
രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രേഷ്‌മയുടെ ഭര്‍ത്താവ് പ്രശാന്തിന്റെ പേരിലുള്ള പാണ്ട്യാല മുക്കിലെ ‘മയില്‍പ്പീലി’എന്ന വീട്ടില്‍ നിന്നും നിജില്‍ ദാസിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ഒളിവില്‍ കഴിയാന്‍ സൗകര്യം ഒരുക്കണമെന്ന് നിജില്‍ ദാസ് അഭ്യര്‍ഥിച്ചത് അനുസരിച്ചാണ് പാണ്ട്യാല മുക്കിലെ വീട്ടില്‍ താമസിപ്പിച്ചതെന്നാണ് രേഷ്‌മയുടെ മൊഴി. നിജില്‍ ദാസും രേഷ്‌മയുമായി ഒരു വര്‍ഷത്തെ പരിചയമുണ്ടെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ 15ആമതായാണ് രേഷ്‌മയെ പ്രതി ചേര്‍ത്തത്. പതിനാലാം പ്രതിയാണ് നിജില്‍ ദാസ്.
പ്രതിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഒളിവില്‍ കഴിയാന്‍ സൗകര്യം ഒരുക്കിയതെന്ന രേഷ്‌മയുടെ കുറ്റസമ്മതമൊഴിയും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്. രേഷ്‌മയ്‌ക്ക് കേസില്‍ മറ്റേതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും റിമാന്റ് റിപ്പോര്‍ട്ടിൽ പറയുന്നു.
Most Read: വെസ്‌റ്റ് ആഫ്രിക്കയിൽ ഭീകരാക്രമണം; സൈനികരടക്കം 15പേർ കൊല്ലപ്പെട്ടു







































