തൃശൂർ: സാമ്പിൾ വെടിക്കെട്ട് പൊട്ടിവിരിഞ്ഞതോടെ പൂരങ്ങളുടെ പൂരത്തിന് ഗംഭീര തുടക്കം. ചൊവ്വാഴ്ചയാണ് തൃശൂർ പൂരം. ഇന്ന് രാവിലെ പൂരവിളംബരമായി കുറ്റൂർ നെയ്തലക്കാവ് ഭഗവതിക്ഷേത്ര ദേശക്കാർ എഴുന്നള്ളിയെത്തി വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട പൂരത്തിന് തുറന്നുകൊടുക്കും.
ആകാശ വിസ്മയം തീർക്കുന്നതായിരുന്നു ഇന്നലെ നടന്ന തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട്. ആദ്യം പറമേക്കാവ് ഭാഗമാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. ഡയനയും, കുഴി മിന്നലും അമിട്ടും ചേർന്ന് എട്ടു മിനിറ്റ് ആകാശത്ത് വർണം നിറച്ചു.പാറമേക്കാവിന്റെ വെടിക്കെട്ട് നടന്ന് അരമണിക്കൂർ പിന്നിട്ട ശേഷമായിരുന്നു തിരുവമ്പാടിയുടേത്.
നാളെ രാവിലെ എട്ട് ഘടകദേശപ്പൂരങ്ങളോടെ 30 മണിക്കൂർ നീളുന്ന പൂരക്കാഴ്ചകൾക്ക് തുടക്കമാകും. പകൽ പതിനൊന്നോടെ തിരുവമ്പാടിയുടെ മഠത്തിൽവരവ് ആരംഭിക്കും. പകൽ 12ന് പതിനഞ്ച് ആനപ്പുറത്ത് പാറമേക്കാവിന്റെ എഴുന്നള്ളിപ്പും തുടങ്ങും. രണ്ടരയോടെ ഇലഞ്ഞിത്തറ മേളം. വൈകിട്ട് അഞ്ചരയോടെ തെക്കോട്ടിറക്കം. തുടർന്ന് തെക്കേ ഗോപുരനടയിൽ കുടമാറ്റം. ബുധനാഴ്ച പുലർച്ചെ മൂന്നിനാണ് പ്രധാന വെടിക്കെട്ട്. ഉച്ചയ്ക്ക് പൂരം ഉപചാരംചൊല്ലി പിരിയും.
പാറമേക്കാവ്- തിരുവമ്പാടി വിഭാഗക്കാരുടെ ചമയ പ്രദർശനം ഞായറാഴ്ച ആരംഭിച്ചിരുന്നു. ഇന്നലെ വൈകീട്ട് 3 മണിക്ക് തന്നെ റൗണ്ടിലേക്കുള്ള വാഹന ഗതാഗതം പോലീസ് നിരോധിച്ചിരുന്നു. ഫയർ ലൈനിൽ നിന്നും നൂറ് മീറ്റർ മാറി മാത്രമെ ആളുകളെ നിർത്താവൂ എന്ന നിബന്ധനയുള്ളതിനാൽ പെസോ അധിക്യതർ അളന്നു നോക്കിയതിന്റെ അടിസ്ഥാനത്തിൽ സ്വരാജ് റൗണ്ടിലെ ചില ഭാഗങ്ങളിലേക്ക് മാത്രമാണ് ആളുകൾക്ക് പ്രവേശനം അനുവദിച്ചത്.
Most Read: കശ്മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസ്; ഇന്ന് നിർണായക വിധി







































