തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇത്തവണ കാലവർഷം നേരത്തെ എത്താൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. സാധാരണയായി ജൂൺ ഒന്നാം തീയതിയാണ് കാലവർഷം ആരംഭിക്കുക. എന്നാൽ ഇത്തവണ 7 ദിവസം മുൻപേ കാലവർഷം എത്തിയേക്കുമെന്നാണ് സൂചന.
അസാനി ചുഴലിക്കാറ്റ് ദുർബലമാകുന്നതോടെ കാറ്റ് സജീവമാകുന്നതിനാലാണ് ഇത്തവണ നേരത്തെ തന്നെ കാലവർഷത്തിന് അനുകൂലമായ സാഹചര്യം ഒരുങ്ങുന്നത്. കൂടാതെ ഞായറാഴ്‌ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും, ആൻഡമാൻ കടലിലും കാലവർഷമെത്തുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
അതേസമയം അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്‌ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും. ഇടുക്കി, കാസർഗോഡ് എന്നീ ജില്ലകളിൽ ശക്‌തമായ മഴയുടെ പശ്‌ചാത്തലത്തിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിരുന്നു. കൂടാതെ മലങ്കര ഡാമിൽ ഇന്ന് ഓറഞ്ച് അലർടും പ്രഖ്യാപിച്ചിരുന്നു. ഇന്ന് വൈകുന്നേരത്തോടെ വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്നും, ഇടിമിന്നലോടും, കാറ്റോടും കൂടിയ മഴക്കാണ് സാധ്യതയെന്നും കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കിയിട്ടുണ്ട്.
Read also: മദ്രസകളിൽ ദേശീയഗാനം നിർബന്ധം; ഉത്തരവ് പുറത്തിറക്കി ഉത്തർപ്രദേശ്







































