കണ്ണൂർ: മാഹിയിലെ സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. 17 പേരെ പ്രതി ചേർത്താണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ബിജെപി പ്രവർത്തകർ രാഷ്‌ട്രീയ വൈരത്തോടെ നടത്തിയ കൊലപാതകമാണ് പുന്നോൽ ഹരിദാസന്റേതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത് ആറുപേരാണ്. 11 പേർക്കെതിരെ ഗൂഡാലോചന കുറ്റം ചുമത്തിയിട്ടുണ്ട്. ഗൂഡാലോചന വ്യക്‌തമാകുന്ന നിരവധി ഫോൺ സംഭാഷണങ്ങളും കുറ്റപത്രത്തോടൊപ്പം പോലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ബിജെപി മണ്ഡലം പ്രസിഡണ്ട് ലിജേഷിന് കൃത്യത്തിൽ നേരിട്ട് പങ്കെന്ന് കുറ്റപത്രത്തിൽ പോലീസ് പറയുന്നു.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 2 പേരെ ഇനിയും പിടികിട്ടാനുണ്ടെന്ന് പോലീസ് അറിയിച്ചു. അതേസമയം കേസിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ നിജിൽദാസിനെ ഒളിവിൽ പാർക്കാൻ സഹായം ചെയ്‌ത പിണറായി സ്വദേശിനിയും അധ്യാപികയുമായ രേഷ്‌മ കേസിൽ 15ആം പ്രതിയാണ്.
കഴിഞ്ഞ ഫെബ്രുവരി 21ന് പുലർച്ചെയാണ് ഹരിദാസനെ ആർഎസ്എസ്- ബിജെപി പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. ഇരുപതിലധികം വെട്ടുകൾ അദ്ദേഹത്തിന്റെ ശരീരത്തിലേറ്റിരുന്നു. വലതു കാലിൽ മാരകമായ നാല് വെട്ടുകളുണ്ടായിരുന്നു. തുടക്കും വെട്ടേറ്റു. ഇരു കൈകളിലും ഗുരുതരമായി പരുക്കേറ്റെന്നും പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
മുറിവുകളുടെ എണ്ണം കണക്കാക്കാൻ ആകാത്ത വിധം കൊത്തിയരിഞ്ഞ് വികൃതമാക്കിയ നിലയിലാണ് ശരീരമെന്ന് ഇൻക്വസ്‌റ്റ് റിപ്പോർട് പറയുന്നു. അരയ്‌ക്ക് താഴെയാണ് പ്രധാനപ്പെട്ട മുറിവുകളെല്ലാം. വെട്ടിയ സ്‌ഥലത്ത് തന്നെ വീണ്ടും വീണ്ടും വെട്ടിയതിനാൽ എത്ര തവണ വെട്ടിയെന്ന് തിരിച്ചറിയാനാവുന്നില്ലെന്നും വലത് കാൽമുട്ടിന് താഴെ നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുകളുണ്ടെന്നും കാൽ മുറിച്ചു മാറ്റാൻ ശ്രമിച്ചതായും സംശയിക്കുന്നുണ്ട്. വലത് കാൽമുട്ടിന് താഴെ നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇടത്തേ കൈയിലും ആഴത്തിലുള്ള മുറിവുകൾ ഉള്ളതായി ഇൻക്വസ്‌റ്റ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം കേസിലെ മൂന്നാം പ്രതിയും കൊലയാളി സംഘത്തിന് ഹരിദാസിനെ കാട്ടിക്കൊടുത്ത സുനേഷ് എന്ന മണിക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കൊലയാളി സംഘവുമായി സുനേഷ് ബന്ധപ്പെട്ടു എന്നതിന് തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷന് ആയില്ല എന്ന് നിരീക്ഷണത്തോടെയാണ് കോടതി ഇയാൾക്ക് ജാമ്യം നൽകിയത്. അന്വേഷണം തുടരുന്നതിനാൽ ബാക്കി 10 പേരുടെ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ ജില്ല സെഷൻസ് കോടതി തള്ളി. അധ്യാപിക രേഷ്‌മക്കും കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
Most Read: തിരുവനന്തപുരം-മാലിദ്വീപ്; കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാൻ തീരുമാനം