തൃശൂർ: നടിയെ ആക്രമിച്ച കേസിൽ കോടതിയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളെ വിമർശിച്ച് ഡബ്ബിങ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി. കോടതിയില്‍ ഇപ്പോള്‍ നടക്കുന്നത് നാടകം മാത്രമെന്ന് അവർ ആരോപിച്ചു.
ഹരജികളുമായി ചെല്ലുമ്പോൾ പ്രോസിക്യൂട്ടർമാർ അനുഭവിക്കുന്നത് അപമാനമാണ്. എന്താണ് പ്രോസിക്യൂട്ടർമാർ മാറാൻ കാരണമെന്ന് കോടതി ചോദിക്കുന്നില്ല. ഉന്നതനോടൊരു നീതി സാധാരണക്കാരനോട് ഒരു നീതി എന്നതാണ് സമീപനം. കോടതികളിൽ ആദ്യമേ വിധിയെഴുതിവച്ചു കഴിഞ്ഞു. പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂ. ബാക്കിയെല്ലാം അവിടെ കഴിഞ്ഞുവെന്നും ഭാഗ്യലക്ഷ്‌മി കുറ്റപ്പെടുത്തി.
അതേസമയം, നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ തന്റെ കൈവശം ഉണ്ടെന്ന ക്രൈം ബ്രാഞ്ച് വാദം തെറ്റാണെന്ന് ദിലീപ് ഹൈക്കോടതിയിൽ പറഞ്ഞു. അന്വേഷണത്തിന് ഇനിയും സാവകാശം വേണമെന്ന ക്രൈം ബ്രാഞ്ച് ആവശ്യം അംഗീകരിക്കരുതെന്നും ദിലീപ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന ക്രൈം ബ്രാഞ്ച് ഹരജിയിലാണ് ദിലീപിന്റെ മറുപടി. തന്റെ പക്കൽ ദൃശ്യങ്ങൾ ഉണ്ടെന്ന അന്വേഷണ സംഘത്തിന്റെ വാദം തെറ്റാണെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്. ഡിജിറ്റൽ തെളിവുകളുടെ പരിശോധനാ ഫലം കിട്ടി മൂന്ന് മാസമായിട്ടും തുടർപരിശോധന നടത്തിയില്ലെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.
ഫോണുകൾ പിടിച്ചെടുക്കേണ്ട ആവശ്യമില്ലെന്നും വിവരങ്ങൾ മുഴുവനായും മുംബൈയിലെ ലാബിൽ നിന്ന് കിട്ടിയിരുന്നെന്നും ദിലീപ് ക്രൈം ബ്രാഞ്ച് ആവശ്യത്തെ എതിർത്തുകൊണ്ട് കോടതിയെ അറിയിച്ചു.
Most Read: കെകെയ്‌ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നൽകി ബംഗാൾ സർക്കാർ






































